Categories

യുവാക്കളുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

chennithala3

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  നിയമസഭയില്‍ അറിയിച്ചു.

കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാളുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസുകാര്‍ നല്‍കിയ കള്ളപ്പരാതിയെ തുടര്‍ന്നാണ് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിലാണ് ആഭ്യന്തരമന്ത്രി മറുപടി നല്‍കിയത്. പി.ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയ കള്ളക്കേസില്‍ മനംനൊന്താണ് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്നും ഡീന്‍ കുര്യാക്കോസിന്റെ യുവകേരള യാത്ര തടസ്സപ്പെടുത്തിയന്നാരോപിച്ചാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന്  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും ചെന്നിത്തല അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കി.

ഇന്നലെയായിരുന്നു കഴക്കൂട്ടത്ത് യുവാക്കളെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തൂര്‍ സ്വദേശികളായ ശ്രീജിത്, നിതീഷ് എന്നിവരാണ് മരിച്ചത്.

Tagged with: