തിരുവനന്തപുരം: ആര്‍.എസ്.എസ്-ജനസംഘം സൈദ്ധാന്തികനായിരുന്ന ദീനദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി കോളേജുകളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കാനുള്ള യു.ജി.സി നിര്‍ദേശം സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഹീനതന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇക്കാര്യത്തില്‍ ബംഗാളില്‍ പ്രസംഗം കേള്‍പ്പിക്കില്ലെന്ന മമത ബാനര്‍ജിയുടെ നിലപാട് ധീരമാണെന്നും ചെന്നിത്തല പറഞ്ഞു.
നിരവധി ദേശീയനേതാക്കളുടെ ജന്മശതാബ്ദി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം സര്‍വകലാശാലയില്‍ കുട്ടികളെ കേള്‍പ്പിക്കണമെന്ന നിര്‍ദേശം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ദേശീയനേതാക്കളെ തമസ്‌കരിക്കാനും പുതിയ ചിലയാളുകളെ ദേശീയനേതാക്കളായി വാഴിക്കാനുമാണ് ഇത്തരം നീക്കങ്ങള്‍. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെയുമടക്കമുള്ള നേതാക്കളുടെ സ്മരണകളുയര്‍ത്തുന്ന പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ മോദിയുടെ പ്രസംഗം ഇന്ത്യ മുഴുവന്‍ കേള്‍പ്പിക്കാന്‍ പറയുന്നത് ചരിത്രത്തെ തമസ്‌കരിക്കുന്നതിനുള്ള ഹീനതന്ത്രമാണെന്നും ചെന്നിത്തല പറഞ്ഞു.