തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ രാഷ്ട്രീയകൊലപാതകങ്ങളെ അപലപിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ടി.പി ചന്ദ്രശേഖരനെ അര്‍ധരാത്രി ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊന്നപ്പോള്‍ അപലപിച്ചില്ലെന്ന് ചെന്നിത്തല ചോദിക്കുന്നു.

ടി.പിയെ വെട്ടിക്കൊന്നപ്പോള്‍ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ല. അരിയില്‍ ഷൂക്കൂറിനെ വിജനമായ സ്ഥലത്തിട്ട് വെട്ടിക്കൊന്നപ്പോള്‍ അങ്ങ് എന്തുകൊണ്ട് അപലപിക്കാന്‍ തയ്യാറായില്ല. നാദാപുരത്ത് അസ്‌ലമിനെ വെട്ടിക്കൊന്നപ്പോള്‍ ഒരുവാക്കുകൊണ്ടുപോലും അങ്ങ് എന്തുകൊണ്ട് പ്രതികരിച്ചില്ല.


Dont Miss ഒ. രാജഗോപാല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി; കേരളാ കോണ്‍ഗ്രസ് അംഗങ്ങളും ഒപ്പമിറങ്ങി


ഷുക്കൂറും അസ്‌ലമും ആയതുകൊണ്ടാണോ അങ്ങ് അപലപിക്കാന്‍ മടിച്ചത് ? കൊലപാതകം ആര് നടത്തിയാലും അത് കൊലപാതകം തന്നെയാണ്. ഇന്നത്തെ പത്രത്തില്‍ ആദിവാസി യുവാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ച ഒരു വാര്‍ത്തയുണ്ട്. അതില്‍ എന്തുകൊണ്ട് അങ്ങയുടെ മനസ് വേദനിച്ചില്ല.

ദളിത് യുവാവായ വിനായകന്‍ എസ്.എഫ്.ഐക്കാരനാണ്. അങ്ങയുടെ പൊലീസ് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ അവന്റെ മൃതദേഹം ഞാന്‍ കണ്ടതാണ്. ആ മരണത്തില്‍ അങ്ങേക്ക് ദു;ഖമില്ലല്ലോ. അതുകൊണ്ട് ഇതൊക്കെ മറ്റുള്ളവരുടെ മേല്‍ചാരി രക്ഷപ്പെടാനൊന്നും ആരും ശ്രമിക്കേണ്ട.

കേരള ജനതയെ മുഴുവന്‍ ഇപ്പോള്‍ അക്രമകാരികളും കൊലപാതകികളുമായി ചിത്രീകരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന് എതിരെ പൊലീസ് നടപടി സ്വീകരിക്കണം.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ അക്രമങ്ങളെല്ലാം നടക്കുന്നത്. ഇതിന്റെയൊക്കെ ഉത്തരവാദിത്തം ആര്‍ക്കാണ്. ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ നിങ്ങളെ പറ്റി പറയുന്നത് നിങ്ങളുടെ കൈയില്‍ അധികാരമുള്ളതുകൊണ്ടാണ്, പൊലീസ് ഉള്ളതുകൊണ്ടാണ്. ബി.ജെ.പിയും സി.പി.ഐ.എമ്മും പരസ്പരം പാലൂട്ടുന്നവരാണ്. സഹകരണ സംഘങ്ങളാണ്. സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടുമെന്ന് ഞങ്ങളാരും പറയില്ല. പിണറായി വിജയന്‍ അഞ്ച് വര്‍ഷം തികച്ചുഭരിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം എന്നാല്‍ മാത്രമേ ഞങ്ങളുടെ വഴി എളുപ്പമാകൂ- ചെന്നിത്തല പറയുന്നു.