കണ്ണൂര്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ജനകീയ സമരത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷത്തിന് ജനകീയ സമരത്തോട് അലര്‍ജിയായത് കൊണ്ടാണിതെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നത്തില്‍ പ്രദേശവാസികളോട് സംസാരിച്ച് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിച്ചു. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് നേതാക്കള്‍ സ്ഥലത്തെത്തിയത്.

അതേ സമയം ഗെയില്‍ വാതക പൈപ്പിനെതിരായ സമരം സംഘര്‍ഷത്തിലായ കോഴിക്കോട് മുക്കത്ത് സമരക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് തേടിയിട്ടില്ല. സംഭവസ്ഥലം സന്ദര്‍ശിക്കാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ തനിക്ക് നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.