തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെതിരായ കെ. മുരളീധരന്‍ എം.എല്‍.എയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തി.

Ads By Google

യു.ഡി.എഫ് യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണ് കണ്‍വീനര്‍ എന്ന നിലയില്‍ പി.പി തങ്കച്ചന്‍ പറയുന്നതെന്നും ഇതിനെ വിലകുറച്ച് കാണാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ പി.പി തങ്കച്ചന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടെന്നും മുന്നണിക്ക് ദോഷം വരുന്ന ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയന്ത്രിക്കാന്‍ തങ്കച്ചന്‍ നോക്കേണ്ടെന്നും അതിന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമുണ്ടെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ വിമര്‍ശിക്കുന്ന പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ് പി.പി തങ്കച്ചന്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. മുന്നണിയില്‍ വിമര്‍ശന വേദിയില്ലാത്തതിനാലാണ് പൊതുവേദികളില്‍ വെച്ച് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പുന:സംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങളും രഹസ്യയോഗങ്ങളും സജീവമാകുമെന്നും  മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും താഴേക്കിടയിലേക്ക് എത്തുന്നില്ലെന്നും മുരളീധരന്‍ ആരോപിച്ചു.