തിരുവനന്തപ്പുരം: മുന്‍ സുപ്രീം കോടതി ജഡ്ജി കെ. ടി. തോമസ് ആര്‍. എസ്. എസ് നെ പുകഴ്ത്തിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ മതേതരത്വത്തെ തള്ളിപ്പറയുന്ന ആര്‍. എസ്. എനെപ്പോലെയുള്ള ഒരു സംഘടനയെ പരമോന്നത നീതി പീഠത്തിന്റെ സമുന്നത സ്ഥാനത്തിരുന്ന ഒരു വ്യക്തി പുകഴ്ത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു രാഷ്ട്ര സങ്കല്‍പമുള്ള ഒരു സംഘടനയെ വെള്ളപൂശുന്നതിന് വേണ്ടി കെ. ടി. തോമസിനെപ്പോലൊരാള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് ഖേദകരമാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകരെന്ന കുറ്റം ഇല്ലാതാക്കാനാണ് ആര്‍. എസ്. എസ് ന്റെ ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍. എസ്. എസ് ന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ആര്‍. എസ്. എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കാണ് ഗാന്ധിയെ കൊന്ന ഉത്തരവാദിത്വമെന്ന വിവാദ പ്രസ്താവന കെ. ടി. തോമസ് നടത്തിയത്. ‘ഒരിക്കല്‍ ആര്‍. എസ്. എസുകാരനായിരുന്ന ആള്‍ മഹാത്മാ ഗാന്ധിയെ വധിച്ചു എന്നതിന്റെ പേരില്‍ ഇവിടെ ചിലര്‍ ആര്‍. എസ്. എസിനാണ് ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വം എന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നുണ്ട്. ആ സംഭവത്തില്‍ സംഘടനയെ കോടതി പൂര്‍ണ്ണമായി കുറ്റ വിമുക്തമാക്കിയതാണ്’ ഇതായിരുന്നു കെ. ടി. തോമസ് പറഞ്ഞത്.