ചെന്നൈ: യുവതിയായ വീട്ടമ്മയെ അനാശാസ്യത്തിന് നിര്‍ബന്ധിച്ച യുവാവിനെ ഒരു കൂട്ടം സ്ത്രീകള്‍ അടിച്ചുകൊന്നു. എം ജി ആര്‍ നഗര്‍ അംബേദ്കര്‍ നഗറിലാണ് സംഭവം. അശോക്‌നഗര്‍ നല്ലാങ്കുപ്പത്തെ ആദിമൂര്‍ത്തി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എം ജി ആര്‍ പോലീസ് അംബേദ്കര്‍ നഗറിലെ വനിത, രാധ, പൊട്ടുകനി എന്നീ മൂന്നു സ്ത്രീകളെ അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ അംബേദ്കര്‍ നഗറിലെ ഒരു വീട്ടിലെത്തിയ ആദിമൂര്‍ത്തി വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വിവാഹിതയായ സ്ത്രീയെ അനാശാസ്യത്തിനായി വിളിച്ചുവെന്നാണ് ആരോപണം. സ്ത്രീ നിലവിളിച്ചതോടെ പരിസരത്തെ കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ ഒത്തുകൂടി ആദിമൂര്‍ത്തിയെ പിടികൂടി മര്‍ദിക്കുകയായിരുന്നു. ഇരുമ്പു കമ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആദിമൂര്‍ത്തി സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് പറഞ്ഞു.

Subscribe Us:

എന്നാല്‍ അംബേദ്കര്‍ പ്രദേശത്ത് നടക്കുന്ന കഞ്ചാവ് വില്പനയെ എതിര്‍ത്തതിനാലാണ് ആദിമൂര്‍ത്തിയെ ഒരു കൂട്ടം സ്ത്രീകള്‍ അടിച്ചുകൊന്നതെന്ന് അയാളുടെ ബന്ധുക്കള്‍ ആരോപിച്ചു.