chennai super kings bagged ipl final  trophy ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ചാമ്പ്യന്‍മാരാകുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ 58 റണ്‍സിന് മലര്‍ത്തിയടിച്ചാണ് ധോണിയും കുട്ടികളും കിരീടം ചൂടിയത്.

ഗെയിലിന്റെ അശ്വമേധം ചെന്നൈയില്‍ ഉണ്ടായില്ല. ആര്‍. അശ്വിന്‍ ഗെയിലിനെ പിടിച്ചുകെട്ടിയപ്പോള്‍ ബാംഗ്ലൂരും തകര്‍ന്നടിയുകയായിരുന്നു. പ്ലേ ഓഫിന്റെ തനിയാവര്‍ത്തനം പോലെ അശ്വിന്‍ ആദ്യ ഓവറില്‍ ഗെയിലിനെ മടക്കിയതോടെ ചെന്നൈയുടെ ആരാധകര്‍ വിജയം ഉറപ്പിച്ചു. ഗെയില്‍ പ്രതീക്ഷയില്‍ ചെന്നൈയെ വീഴ്ത്തി കിരീടം നേടാമെന്ന ബാംഗ്ലൂരിന്റെ മോഹങ്ങള്‍ തച്ചുടച്ചാണ് ധോനിയും കൂട്ടരും തുടര്‍ച്ചയായ രണ്ടാം തവണയും കപ്പില്‍ മുത്തമിട്ടത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ ചെപ്പോക്കില്‍ ബാറ്റ് കൊണ്ട് താണ്ഡവമാടുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മുരളി വിജയ് നേടിയ 95 റണ്‍സാണ് ചെന്നൈ ബാറ്റിംഗിന്റെ നെടുംതൂണ്‍. 52 പന്ത് മാത്രം നേരിട്ട വിജയ് ആറ് സിക്‌സും നാലും ഫോറും അടക്കമാണ് മനോഹരമായ ഇന്നിംഗ്‌സ് കളിച്ചത്.

ചെന്നൈ ബാറ്റിംഗ് നിരയെ നേരിടാന്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായാണ് ബാംഗളൂര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ വിശ്വരൂപം പുറത്തെടുത്തതോടെ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ കാഴ്ടക്കാരാകേണ്ടി നില്‍ക്കേണ്ടി വന്നു. 13 സിക്‌സറുകളാണ് ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 206 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് ദുഷ്‌കരമായ വിജയലക്ഷ്യമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ബാംഗ്ലൂരിന്റെ ജാതകം കുറിച്ചിരുന്നു.

ചലഞ്ചേഴ്‌സിന് ഗെയിലിന്റെ പുറത്താകല്‍ ഞെട്ടിക്കുന്നതായി. ആ സമ്മര്‍ദത്തില്‍ നിന്ന് തിരിച്ചുകയറാന്‍ പിറകെ വന്നവര്‍ക്കും കഴിഞ്ഞില്ല. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഗെയ്ല്‍ പൂജ്യത്തിനാണ് പുറത്തായത്. അശ്വിന്റെ പന്തില്‍ ധോണി പിടിച്ചാണ് ഗെയ്ല്‍ പുറത്തായത്. വിരാട് കോഹ്‌ലി 35, സൗരബ് തിവാരി 29, സഹീര്‍ ഖാന്‍ 21 എന്നിവര്‍ മാത്രമാണ് ബാംഗളൂര്‍ നിരയില്‍ തിളങ്ങിയത്. വമ്പന്‍ അടികള്‍ക്ക് പേരുകേട്ട പോമെര്‍സ്ബാഷും ഡിവിലിയേഴ്‌സും അഗര്‍വാളും വേഗം മടങ്ങിയതോടെ പരാജയം പൂര്‍ണ്ണമാവുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ ബാംഗ്ലൂരിനായുള്ളൂ.

സിക്‌സറിന്റെ അമിട്ടുകള്‍ ചെപ്പോക്കില്‍ വര്‍ണ്ണരാജി വിരിയിച്ചപ്പോള്‍ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ ഫൈനലിന്റെ ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറാണ് നേടിയത്. ഓപ്പണറായി ഇറങ്ങി മുരളി വിജയിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അവരെ 205 ലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് നേടിയ മൈക്ക് ഹസ്സിയുടെ മികച്ച പിന്തുണയും ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു. ആദ്യ വിക്കറ്റില്‍ മുരളി-ഹസ്സി കൂട്ടുകെട്ടില്‍ പിറന്നത് 14.5 ഓവറില്‍ 159 റണ്‍സാണ്. അവസാന ഓവറുകളില്‍ ധോണി 13 പന്തില്‍ നിന്ന് നേടിയ 22 റണ്ടസും, മോര്‍ക്കലും റെയ്‌നയും ബദരീനാഥും എല്ലാം ചേര്‍ന്നാണ് 200 കടത്തിയത്. അവാസന പന്തില്‍ ബ്രാവോ നേടിയ സിക്‌സറാണ് സ്‌കോര്‍ 205ലെത്തിച്ചത്.

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഹദാബ് ജക്കാര്‍ത്തിയുമാണ് ബാംഗ്ലൂര്‍ നിരയെ പിടിച്ചുകെട്ടിയത്. 95 റണ്‍സ് നേടിയ മുരളി വിജയ് ആണ് ഫൈനലിലെ താരം.