santiago-martin appears for questioning ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ 10.15ന് ചെന്നൈയിലെ സെന്റ് തോമസ് മൗണ്ട് പോലീസ് സ്‌റ്റേഷനിലാണ് മാര്‍ട്ടിന്‍ അറസ്റ്റിലായത്. സേലത്ത് ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സേലത്തെ ലോട്ടറി വ്യാപാരിയായിരുന്ന ബാലാജിയുടെ പരാതി പ്രകാരമാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ബാലാജിയുടെ ഷോപ്പിംങ് കോംപ്ലെക്‌സിന്റെ ആധാരം മാര്‍ട്ടിന്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു എന്നായിരുന്നു പരാതി. ചെന്നൈയിലെ സബര്‍ബെന്‍ പോലീസ് കമ്മീഷണര്‍ രാജേഷ് ദാസാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയതായിരുന്നു മാര്‍ട്ടിന്‍. എല്ലാ ദിവസവും സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ഉപാധി. ഇതനുസരിച്ച് ഇന്ന് രാവിലെ ഒപ്പിടാനെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാണിച്ചു എന്ന കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ മാര്‍ട്ടിനെ ചെന്നൈയിലേക്ക് കൊണ്ടുവന്നിരുന്നു. ചോദ്യം ചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം അറസ്റ്റിലായതായി ഇന്ന് രാവിലെ പോലീസ് അറിയിക്കുകയായിരുന്നു.

മാര്‍ട്ടിനു പുറമേ ഭാര്യയും സഹോദരനും ഭൂമികൈയ്യേറ്റക്കേസില്‍ ആരോപണ വിധേയരാണ്. കേന്ദ്രമന്ത്രി അഴഗിരിയുടെ ഭാര്യയ്ക്ക് മധുരയിലെ ഒരു ക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി കൈമാറി എന്ന കേസും മാര്‍ട്ടിന്റെ പേരിലുണ്ട്.