ചെങ്കല്‍പേട്ട്: പോലിസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയനായ നിയമവിദ്യാര്‍ഥി അശോക് കുമാര്‍ ജീവനുവേണ്ടി മല്ലടിക്കുന്നു. ബസ്സില്‍ വാഗ്ത്തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അശേക് കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലിസെത്തി അശോകിനെ മര്‍ദ്ദിച്ചവശനാക്കിയത്. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച അശോക് കുമാര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് മദ്രാസ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അശോക് കുമാറിന്റെ പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴു പോലിസുകാര്‍ക്കെതിരേ കേസെടുത്തു.

അടിവസ്ത്രം വരെ അഴിച്ചുമാറ്റിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അശോക്കുമാറിന്റെ പല്ലു കൊഴിഞ്ഞു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒരു തീവ്രവാദിയെ പോലെയാണ് പെരുമാറിയതെന്നും അശോക് കുമാറിന്റെ സഹോദരന്‍ സൂര്യപ്രകാശ് പറഞ്ഞു. ദേഹത്ത് ശക്തിയായി വെള്ളമൊഴിച്ച് ബൂട്ടുകൊണ്ട ചവിട്ടിയും മര്‍ദ്ദിച്ചെന്ന് അശോക്കുമാറിന്റെ മാതാവ് ജയ പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് പോലിസ് പ്രതികരിച്ചില്ല.

ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരണത്തോടു മല്ലിടുകയാണ് അശോക് കുമാര്‍ ഇപ്പോള്‍.