ചെന്നൈ: ഹൈന്ദവ ഭീകരതയെ കുറിച്ചുള്ള ആരോപണങ്ങളില്‍ കമലഹാസനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് മദ്രാസേ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കമല്‍ഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതിയുടെ വിധി. ഒരു തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഹര്‍ജിയില്‍ പറഞ്ഞതുപ്രകാരമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വാദം കേട്ട ഹര്‍ജിയില്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ തേടാന്‍ ജസ്റ്റിസ് എം.എസ് രമേഷ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിര്‍ദേശം ലഭിക്കുകയും ഹാജരാകുകയും ചെയ്തു. അഭിഭാഷകനായ ജി.ദേവരാജന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവിട്ടത്.


Also Read നിരാമയ നിര്‍മിച്ചത് തണ്ണീര്‍തട നിയമം ലംഘിച്ച്; രാജീവ് ചന്ദ്രശേഖരന്റെ കയ്യേറ്റം റവന്യു വകുപ്പ് സ്ഥിരീകരിച്ചു


ഹൈന്ദവ ഭീകരതയുടെ സാന്നിദ്ധ്യം രാജ്യത്ത് പുറത്തുവരരുതെന്നാണ് തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കമലഹാസന്‍ പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ നടത്തുക വഴി കമല്‍ഹാസന്‍ ഹിന്ദുക്കളെ ഭീകരവാദികളാക്കി ബ്രാന്‍ഡ് ചെയ്യുകയാണെന്നും ഒരു മതവും അക്രമത്തെയല്ല പ്രോല്‍സാഹിപ്പിക്കുന്നത്, സമാധാനത്തെയാണ് അത് അദ്ദേഹം മനസ്സിലാക്കേണ്ടതാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ് സമൂഹത്തെ ഭിന്നിപ്പിക്കുക എന്ന നിഷ്ഠുര താല്‍പര്യങ്ങളാണ് വെളിവാകുന്നതെന്നും ജി ദേവരാജന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

കമലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തെയ്‌നാംപേട്ട് പോലീസിനും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍, ഇതില്‍ നടപടിയൊന്നും ഉണ്ടാവാത്തതിനാലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും ദേവരാജന്‍ പറഞ്ഞു.