ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം കിരീടം നേടിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മോസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രായേലിന്റെ ബോറിസ് ജെല്‍ഫാന്‍ഡിനെ ടൈബ്രേക്കറില്‍ കീഴടക്കിയാണ് ആനന്ദ് വീണ്ടും കിരീടം നേടിയത്. ദുബായില്‍നിന്ന് ഇന്നലെ രാത്രി ജന്മനാടായ ചെന്നൈയിലെത്തിയ ആനന്ദിന് ഉജ്വല വരവേല്‍പ്പ് ലഭിച്ചു.

ചെന്നൈ അണ്ണാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആനന്ദിനെ തമിഴ്‌നാട് ചെസ് അസോസിയേഷന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്. കിരീടം നിലനിര്‍ത്തിയെങ്കിലും ആനന്ദിന്റെ ഫിഡെ റേറ്റിംഗില്‍ ഇടിവുണ്ടായി. ഫൈനലില്‍ തുടരന്‍ സമനിലകള്‍ നേരിട്ടതാണ് ആനന്ദിന്റെ റേറ്റിംഗ് പോയിന്റിനെ ബാധിച്ചത്

നാലാം സ്ഥാനക്കാരനായ ആനന്ദിന് രണ്ടു സ്ഥാനം ഇറങ്ങി ആറാം സ്ഥാനത്താണിപ്പോള്‍. അതേ സമയം ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജെല്‍ഫാന്‍ഡ് മൂന്നു സ്ഥാനങ്ങള്‍ കയറി 17 ലെത്തി. ആനന്ദിന് ഇപ്പോള്‍ 2780 റേറ്റിംഗ് പോയിന്റും ജെല്‍ഫാന്‍ഡിന് 2791 റേറ്റിംഗ് പോയിന്റുമാണ്. ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഒന്നിലധികം തവണ നേടിയവരുടെ ഗണത്തില്‍ നാലാമനാണ് ആനന്ദ്.