ചെന്നൈ ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആരോപണം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു, അന്വേഷിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി
ന്യൂദല്‍ഹി: ചെന്നൈയില്‍ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് വെടിവെച്ച് കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്നാട് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശികളെന്നിരിക്കെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് തമിഴ്നാട് പൊലീസ് ഡയരക്ടര്‍ ജനറലിനോടും ചെന്നൈ ജില്ലാ മജിസ്ട്രേറ്റിനോടും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് ചെന്നൈയില്‍ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ ഏറ്റുമുട്ടല്‍ ദുരൂഹമാണെന്ന് പറഞ്ഞ് അന്നുതന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെ കവര്‍ച്ചക്കാര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സ്വയം രക്ഷക്കായാണ് പൊലീസ് തിരിച്ച് വെടിവെപ്പ് നടത്തിയതെന്നുമായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ ഏറ്റുമുട്ടല്‍ വാദത്തില്‍ സംശയമുണ്ടെന്നും സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ചകളൊന്നും കേട്ടിട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം പത്തു വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ പൊലീസുമായുണ്ടായ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടത് 75ഓളം പേരാണ്. ഇതില്‍ ഏറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് പരാതി ഉയര്‍ന്നെങ്കിലും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല. 2002ല്‍ ബംഗളൂരുവില്‍ ഇമാം അലിയെയും നാല് കൂട്ടാളികളെയും തമിഴ്നാട് പൊലീസ് ‘ഏറ്റുമുട്ടലില്‍’ കൊലപ്പെടുത്തിയ ശേഷം 50ഓളം എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ അരങ്ങേറി.
2004 ഒക്ടോബറില്‍ പ്രത്യേക ദൗത്യസേനക്കു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയ വീരപ്പന്‍ മുതല്‍ 2010ല്‍ കോയമ്പത്തൂരില്‍ പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയതിന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ‘ഏറ്റുമുട്ടലില്‍’ പൊലീസ് കൊലപ്പെടുത്തിയ മലയാളിയായ മോഹനകൃഷ്ണന്‍വരെ നിരവധി പേര്‍ വ്യാജ എന്‍കൗണ്ടര്‍ കൊലപാതകത്തിന്റെ ഇരകളാണെന്ന് ആരോപണമുണ്ട്.
ഈ നിരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ചെന്നൈ വേളച്ചേരിയില്‍ വ്യാഴാഴ്ച അരങ്ങേറിയ കൂട്ടക്കൊലയെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാന നഗരിയില്‍ 25 ദിവസത്തിനിടെ രണ്ട് ബാങ്കുകളില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി കവര്‍ച്ചയുണ്ടായി. തിരുപ്പൂരിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയില്‍ 12 കോടിയുടെ സ്വര്‍ണക്കവര്‍ച്ചയും നടന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രതിപക്ഷകക്ഷികള്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നാടകീയമായി ‘കവര്‍ച്ചാസംഘത്തലവന്റെ’ ചിത്രം ബുധനാഴ്ച പൊലീസ് കമീഷണര്‍ പുറത്തുവിട്ടത്.
ഏഴു തോക്കുകളുണ്ടായിട്ടും ‘കവര്‍ച്ചാസംഘം’ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഇന്‍സ്പെക്ടര്‍മാരുടെ ശരീരത്തില്‍ ഒരു വെടിയുണ്ടപോലും കണ്ടെത്താനായില്ലെന്നത് ശ്രദ്ധേയമാണ്. വെടിയുണ്ട ഉരസിപ്പോയതിന്റെ പരിക്കാണുള്ളത്. സംഘത്തിന്റെ തോക്കുകളും വെടിയുണ്ടകളും ബിഹാര്‍ നിര്‍മിതമാണെന്നും പൊലീസ് അവകാശപ്പെടുന്നു. 15 മിനിറ്റ് വെടിവെപ്പ് അരങ്ങേറിയിട്ടും സമീപവാസികള്‍ മിക്കവരും വിവരമറിഞ്ഞത് പുലര്‍ച്ചെ ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ്. സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനായി നടത്തിയ വ്യാജ ഏറ്റുമുട്ടലാണ് സംഭവമെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
