മുസാഫിര്‍നഗര്‍: യു.പിയിലെ മുസാഫിര്‍ നഗറില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്കുനേരെ അജ്ഞാതര്‍ വെടിവെച്ചു. ഹരിദ്വാറില്‍ നിന്നും ദല്‍ഹിയിലേക്കു പോകുകയായിരുന്ന ഇവര്‍ക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ആദിത്യകുമാര്‍, വിജയലക്ഷ്മി ദമ്പതികള്‍ക്കാണ് വെടിയേറ്റദത്. മുസാഫിര്‍ നഗര്‍ ജില്ലയിലെ ദേശീയ പാത 58വെച്ച് വൈകുന്നേരം നാലുമണിയോടെയാണ് ഇവര്‍ക്കു വെടിയേറ്റത്. ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു.

വെടിവെച്ച ഉടന്‍ അക്രമികള്‍ രക്ഷപ്പെട്ടു. ബൈക്കില്‍ നിന്നും വീണ കുമാറിന്റെ കഴുത്തില്‍ ബുള്ളറ്റ് ഇടിച്ചു. ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ദല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റി.

ചെന്നൈയിലെ രാമപുരം സ്വദേശികളാണ് ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ ഹോട്ടലുകളിലെയും മാര്‍ക്കറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം യു.പിയില്‍ ക്രമസമാധാന നില താറുമാറായി എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ സംഭവവും. കഴിഞ്ഞമാസം ഉത്തര്‍പ്രദേശിലെ ജവാറില്‍ ഒരാളെ വെടിവെച്ചു കൊല്ലുകയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നാലു സ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്ന വേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നതായിരുന്നു. എന്നാല്‍ യു.പി ഹൈവേകള്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.