Categories

ഓള്‍റൗണ്ട് മികവില്‍ ചെന്നൈ കിംഗ്‌സ്

ചെന്നൈ: ജയം അനിവാര്യമായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗായി. പൂന വാരിയേഴ്‌സിനെതിരെ 25 റണ്‍സിന്റെ ജയമാണ് ധോണിയുടെ ടീം സ്വന്തമാക്കിയത്. ചെന്നൈ 20 ഓവറില്‍ ആറിന് 142 റണ്‍സ് നേടിയപ്പോള്‍ പൂനക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 117 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ പൂന വാരിയേഴ്‌സ് ചെന്നൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍, ഓപ്പണര്‍മാരായ മൈക്ക് ഹസിയും മുരളി വിജയും യുവരാജിന്റെ പ്രതീക്ഷകള്‍ തകിടംമറിച്ചു.ഇരുവരും ചേര്‍ന്ന് ചെന്നൈക്കു മികച്ച തുടക്കം സമ്മാനിച്ചു. പതിയെ തുടങ്ങി ക്രമേണ കത്തിക്കയറിയ കൂട്ടുകെട്ട് 9ാം ഓവറിലാണ് അവസാനിച്ചത്. അല്‍ഫോന്‍സോ തോമസിന്റെ പന്തില്‍ ചെന്നൈ സ്‌കോര്‍ 64ല്‍ നില്‍ക്കെ മുരളി വിജയിയെ നഥാന്‍ മക്കല്ലം പിടികൂടുകയായിരുന്നു.

മുരളിക്ക് ശേഷമെത്തിയ സുരേഷ് റെയ്‌നക്ക് അല്‍പായുസായിരുന്നു. രണ്ടു റണ്‍സെടുത്ത റെയ്‌നയും തോമസിന് ഇരയായി. റെയ്‌നയും മടങ്ങിയതോടെ ചെന്നൈയുടെ റണ്ണൊഴുക്കുകുറഞ്ഞു. മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ പൂന ബൗളര്‍മാര്‍ ചെന്നൈയെ വരിഞ്ഞുമുറുക്കി. എങ്കിലും ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയ ഹസിയും ധോണിയും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കുമെന്നു തോന്നിപ്പിച്ചു.

രഹുല്‍ ശര്‍മയുടെ പന്തില്‍ ധോണിയെ റോബിന്‍ ഉത്തപ്പ സ്റ്റംപ് ചെയ്തു പുറത്താക്കിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു. തൊട്ടുപിന്നാലെ ഹസിയും പുറത്തായതോടെ ചെന്നൈ 17.2 ഓവറില്‍ നാലിന് 122 എന്നനിലയില്‍ തകര്‍ന്നു. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടക്കാതെവന്നതോടെ ചെന്നൈയുടെ സ്‌കോര്‍ 142ല്‍ ഒതുങ്ങി. പൂനയ്ക്കുവേണ്ടി ടെയ്‌ലര്‍ മൂന്നും തോമസ് രണ്ടും വിക്കറ്റു നേടി. ചെന്നൈക്ക് വേണ്ടി മുരളി 31, ധോണി 26, ഹസി 61 റണ്‍സും നേടി.

മറുപടി ബാറ്റിംഗ് ആരംഭിച്ച പൂനയുടെ തുടക്കം അത്ര ഭംഗിയായില്ല. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ മോനിഷ് മിശ്രയെ ബൗള്‍ഡാക്കിക്കൊണ്ട് മോര്‍ക്കല്‍ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുപിന്നാലെ റൈഡറെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അധികം താമസിയാതെ മനീഷ് പാണ്ഡെയെ മോര്‍ക്കലും ഉത്തപ്പയെ അശ്വിനും മടക്കിയതോടെ പൂന 5.3 ഓവറില്‍ നാലിന് 40 എന്ന നിലയില്‍ തകര്‍ന്നു. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന യുവ് രാജും(34) മനാസും(20) പൊരുതിയെങ്കിലും വിജയം അപ്രാപ്യമായിരുന്നു.

മികച്ച ഫീല്‍ഡിംഗായിരുന്നു ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. ഹസിയാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.