മുംബൈ: ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ കിംഗ്‌സ് നാലാം ഐ.പി.എല്‍ സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യടീമായി. ജയപരാജയങ്ങള്‍ ഇരുടീമുകളെയും വേട്ടയാടിയ മല്‍സരത്തില്‍ റെയ്‌നയുടേയും ധോണിയുടേയും ബദരീനാഥിന്റേയും ബാറ്റിംഗ് മികവാണ് ചെന്നൈയ്ക്ക് തുണയായത്.

ക്രിസ് ഗെയ്‌ലിനെ തുടക്കത്തിലേ പുറത്താക്കി ചെന്നൈ തങ്ങളുടെ ഗെയിംപ്ലാന്‍ ഭംഗിയായി നടപ്പാക്കി. എന്നാല്‍ ബാംഗ്ലൂരിന്റെ റണ്‍മെഷീന്‍ വിരാട് കോലിയും (44 പന്തില്‍ 70) അഗര്‍വാളും (33 പന്തില്‍ 34) ചേര്‍ന്ന് ബാംഗ്ലൂരിനെ മുന്നോട്ടുനയിച്ചു. അന്ത്യഘട്ടത്തില്‍ പോമര്‍ബാഷും (18 പന്തില്‍ 29 ) കത്തിക്കയറിയതോടെ ബാംഗ്ലൂര്‍ 175 എന്ന ശക്തമായ ലക്ഷ്യം മുന്നോട്ടുവെച്ചു.

ഹസി പൂജ്യത്തിനും മുരളി വിജയ് അഞ്ചുറണ്‍സിനും പുറത്തായതോടെ ചെന്നൈയുടെ സിംഹങ്ങള്‍ക്ക് മുട്ടിടിച്ചു. എന്നാല്‍ ആപത്ഘട്ടങ്ങളില്‍ ടീമിന് നട്ടെല്ലാകാറുള്ള സുരേഷ് റെയ്‌ന ഇത്തവണയും പതിവ് തെറ്റിച്ചില്ല. 50 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ആറ് സിക്‌സറുകളും പറത്തി 70 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ചെന്നൈയുടെ ജയം ഉറപ്പാക്കുകയായിരുന്നു.

ബദരീനാഥിന്റേയും (32 പന്തില്‍ 34) ഇന്നിംഗ്‌സും മികച്ചു നിന്നു. മികച്ച കൂട്ടുകെട്ടുണ്ടാക്കേണ്ട സമയത്തായിരുന്നു ബദരീനാഥും റെയ്‌നയും ഒന്നിച്ചത്. തുടര്‍ന്നെത്തിയ ധോണിയും (29) ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെ ടീമിന് കരുത്തായി. എന്നാല്‍ അവസാന ഓവറില്‍ പന്ത്രണ്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ ആദ്യ നാലുപന്തുകളില്‍ തന്നെ വിജയംകൊത്തിപ്പറക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ഒടുക്കത്തില്‍ ആല്‍ബി മോര്‍ക്കല്‍ നടത്തിയ കടന്നാക്രമണമാണ് (10 പന്തില്‍ 28) ചെന്നൈയ്ക്ക് തുണയായത്.

റെയ്‌നയാണ് കളിയിലെ താരം. ഇന്ന് നടക്കുന്ന മറ്റൊരു പ്ലേ ഓഫില്‍ ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് സച്ചിന്റെ ടെന്‍ഡുല്‍ക്കറിന്റെ മുംബൈ ഇന്ത്യന്‍സിനെ നേരിടും.