രാജസ്ഥാനെ രാജകീയമായി തോല്‍പ്പിച്ച് ധോണിയുടെ ചെന്നൈ കിംഗ്‌സ് തങ്ങള്‍ പിന്നിലല്ലെന്ന് തെളിയിച്ചു. ചെപ്പൊക്കില്‍ നടന്ന കളിയില്‍ 8 വിക്കറ്റിനായിരുന്നു ചെന്നൈ രാജസ്ഥാനെ തകര്‍ത്തത്. സ്‌കോര്‍ രാജസ്ഥാന്‍ 6/ 147, ചെന്നൈ 2/ 149

കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന റോയല്‍സിനെ പിടിച്ചുകെട്ടാനായതാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയക്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ദ്രാവിഡിന്റേയും (66) വാട്ട്‌സന്റേയും (32) കരുത്തില്‍ കുതിക്കുകയായിരുന്നു. 12 ഓവറില്‍ 92ന് 2 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. എന്നാല്‍ ചെന്നൈയുടെ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാര്‍ക്കു ശേഷം റോസ് ടെയ്‌ലര്‍ മാത്രമാണ് (20) റോയല്‍സിനായി രണ്ടക്കം കണ്ടത്.

ഹസിയും റെയ്‌നയും നയിച്ചു
മറുപടി ബാറ്റിംഗില്‍ ചെന്നൈക്ക് മുരളി വിജയിയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ഹസിയും (79*) റെയ്‌നയും (61) ചേര്‍ന്ന് കളി തങ്ങളുടെ വരുതിയിലാക്കി. റെയ്‌ന പുറത്താകുമ്പോഴേക്കും ചെന്നൈ മല്‍സരം കീശയിലാക്കിയിരുന്നു. ഹസിയാണ് കളിയിലെ താരം.