ചെന്നൈ: ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തീയുയര്‍ന്നത് ആശങ്ക പരത്തി. തീപിടുത്തത്തില്‍ ഏതാനും സാധനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

ഈറോഡിനും തിരുപ്പൂരിനും ഇടയിലുള്ള തൊട്ടിപ്പാളയം സ്‌റ്റേഷനിലൂടെ വണ്ടി കടന്നുപോകുമ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററാണ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തീയുയരുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്ത സ്‌റ്റേഷനായ പെരുന്തരൈയില്‍ ട്രെയിന്‍ നിര്‍ത്തി അഗ്‌നിശമന സേനയെത്തി തീയണച്ചു.

തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ പാര്‍സല്‍ വാനിലുണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഈറോഡില്‍ നിന്ന് പകരം പാര്‍സല്‍ വാനെത്തിച്ച് അല്‍പസമയത്തിനകം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സേലം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് സേലംകോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം അല്‍പ്പസമയം തടസപ്പെട്ടുവെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലായതായി റെയില്‍വേ അറിയിച്ചു.