എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കുമെന്ന് ചെങ്ങറ സമരസമിതി
എഡിറ്റര്‍
Thursday 13th March 2014 10:59am

chengara-2

പത്തനംതിട്ട: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കുമെന്ന് ചെങ്ങറ സമരസമതി. തങ്ങള്‍ക്ക് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

പറഞ്ഞ വാക്ക് പാലിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുഭവിക്കും. പ്രതിപക്ഷത്തായിരുന്നപ്പോള്‍ യു.ഡി.എഫ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. വാസയോഗ്യമായ ഭൂമി നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരം ഏറ്റെടുത്തപ്പോള്‍ 100 ദിവസത്തിനുള്ളില്‍ ചെങ്ങറയിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. 750 ലേറെ കുടുംബങ്ങളാണ് ചെങ്ങറ സമരഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നത്. ഞങ്ങളുടെ കൂടെ പിന്തുണയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റോ ആന്റണിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കാന്‍ കാരണം- സമരസമിതി പറഞ്ഞു.

ഭരണത്തില്‍ വന്നയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെങ്ങറ സമരക്കാരുടെ പുനരധിവാസ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയാരംഭിച്ചതായി അറിയിച്ചിരുന്നു.

ഇതിന്റെ ചുമതല റവന്യൂ മന്ത്രിക്ക് കൈമാറിയതായും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടാവാതെ സമരക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാവുകായായിരുന്നു.

Advertisement