പട്ടയമേള സംഘടിപ്പിച്ച് തങ്ങളെ സമര ഭൂമിയില്‍ നിന്നിറക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് ചെങ്ങറ സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്‍. സമരഭൂമിയില്‍ നിന്ന് പുറത്താക്കിയ ഒരാളെക്കൊണ്ട് തനിക്കെതിരെ പരാതി എഴുതി വാങ്ങിയിരിക്കയാണ്. തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ സമരം തുടങ്ങിയത് മുതല്‍ തന്നെ ആരോപിക്കപ്പെടുന്നതാണ്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അതിന് തെളിവുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

സി കെ ജാനുവിന്റെ കൂടെ സമരത്തില്‍ പങ്കെടുത്ത കണ്ണൂരിലെ ശ്രീരാമന്‍ എന്നയാളെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ തനിക്കെതിരെ പരാതി നല്‍കിപ്പിച്ചത്. ഇയാള്‍ നേരത്തെ ചെങ്ങറ സമരഭൂമിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് ആവശ്യമായ കാര്യങ്ങള്‍ ഇവിടെ നടപ്പാക്കാനാകില്ലെന്ന് മനസിലാക്കി ഇയാള്‍ ചെങ്ങറയില്‍ നിന്ന് തിരികെ പോവുകയായിരുന്നു. പിന്നീട് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ രണ്ട് പേരെ സമരഭൂമിയില്‍ നിന്ന് പുറത്താക്കി. ഇവരെ ഒപ്പം കൂട്ടിയാണ് ശ്രരാമന്‍ ഇപ്പോള്‍ സമരത്തിനെതിരെ നീക്കം നടത്തുന്നത്. സ്വന്തം പേര് പോലും എഴുതാന്‍ കഴിയാത്ത കൃഷ്ണന്‍ എന്നയാളാണ് ഇന്ന് തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ളാഹ ഗോപാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സമരഭൂമയില്‍ നിന്ന് തങ്ങളെ ഇറക്കാനും പിന്നീട് ഇങ്ങോട്ട് തിരികെ കയറ്റാതിരിക്കാനുമായിരുന്നു സര്‍ക്കാറിന്റെയും സി പി ഐ എമ്മിന്റെയും പദ്ധതി. അത് തിരിച്ചറിഞ്ഞാണ് എല്ലാവരും മേളക്ക് പോകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഭൂമിയില്‍ നിന്നിറങ്ങുന്ന ദിവസം തന്നെ സമര ഭൂമിയില്‍ ബലം പ്രയോഗിച്ച് കടക്കുമെന്ന് സി ഐ ടി യു പറഞ്ഞിരുന്നു. ഇവരുടെ പദ്ധതി പൊളിഞ്ഞതിലുള്ള അരിശമാണ് മുഖ്യമന്ത്രി തനിക്കെതിരെ തീര്‍ത്തത്. മേളയുടെ ഒരു വിവരവും സാധുജന വിമോചന മുന്നണിയെ അറിയിച്ചിരുന്നില്ലെന്നും ചടങ്ങിന്റെ നോട്ടീസില്‍ നന്ദി പറയാന്‍ പോലും തങ്ങളുടെ പേരുണ്ടായിരുന്നില്ലെന്നും ഗോപാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്ത് വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്നത് വരെ സമരഭൂമിയില്‍ തുടരും. മുന്നണി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പട്ടയ മേളയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. വിതരണം ചെയ്യുന്ന നിശ്ചിത ഭൂമിയില്‍ വീടും മറ്റ്് സൗകര്യങ്ങളും ഒരുക്കുന്നതിന് ഒരു വര്‍ഷമെടുക്കുമെന്ന്് സര്‍ക്കാര്‍ പറഞ്ഞിരിക്കെ സമര ഭൂമി വിടാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്.

ഇതു കൂടാതെ ലഭിക്കുന്ന ഭൂമിയിലേക്ക് തിരിച്ചു പോയാല്‍ കുട്ടികളുടെ പഠനം തുടങ്ങി മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലും തീരുമാനം വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്നലെ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി ളാഹ ഗോപാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സമരത്തിലുള്ള ജനറല്‍ വിഭാഗക്കാര്‍ക്ക് 25 സെന്റും എസ് സി വിഭാഗക്കാര്‍ക്ക് 50 സെന്റും എസ് ടി വിഭാഗക്കാര്‍ക്ക് ഒരു ഏക്കറും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒമ്പത് ജില്ലകളിലായാണ് ഈ ഭൂമിയുള്ളത്. ഇതില്‍ വീട് വെച്ച് നല്‍കാന്‍ ജനറല്‍ വിഭാഗത്തിന് 75000 രൂപയും എസ് സിക്ക് ഒരു ലക്ഷവും എസ് ടി വിഭാഗക്കാര്‍ക്ക് 1,25000 രൂപയും സര്‍ക്കാര്‍ നല്‍കും. സമരക്കാരെ പുറത്താക്കിയാല്‍ പാക്കേജ് തന്നെ അട്ടിമറിക്കാനാകുമെന്നും വിലയിരുത്തുന്നുണ്ട്.

ചങ്ങറ പട്ടയമേള വേദിയില്‍ വെച്ച് സമരസമിതി നേതാവ് ളാഹ ഗോപാലനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ളാഹ ഗോപാലന്റെ പേരില്‍ വന്‍കിട കെട്ടിടങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്‌ത്രോതസുകളെക്കുറിച്ച് അന്വേഷിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ളാഹ ഗോപാലന് വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്ക് ഭൂമി നല്‍കാമെന്ന് പറഞ്ഞു പണം പിരിക്കുകയാണ് ളാഹ ഗോപാലന്‍ ചെയ്യുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദിക്കുന്നുണ്ട്. സമരസമിതി നേതാവെന്ന നിലയിലാണ് ഇത്രയും കാലം ളാഹ ഗോപാലന്റെ തെമ്മാടിത്തരം സര്‍ക്കാര്‍ സഹിച്ചതെന്നും ഇനി ഇതുനോക്കിനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയം കിട്ടിയവര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങറസമരത്തിന്റെ മൂന്നാംവാര്‍ഷിക ദിനത്തിലാണ് സര്‍ക്കാര്‍ മേള സംഘടിപ്പിച്ച് പട്ടയം വിതരണം ചെയ്തത്. കഴിഞ്ഞ ഒക്‌ടോബറിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പാക്കേജ് പ്രകാരം സമരക്കാര്‍ക്ക് അനുവദിച്ച ഭൂമിയുടെ പട്ടയങ്ങളാണ് കൈമാറിയത്.