പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത 1495 കുടുംബങ്ങള്‍ക്കു ഭൂമി നല്‍കാനുള്ള നറുക്കെടുപ്പു നടന്നു. എന്നാല്‍ നറുക്കടുപ്പ് അംഗീകരിക്കില്ലെന്നും ചെങ്ങറ സമരഭൂമി വിട്ടിറങ്ങില്ലെന്നും സമര സമിതി നേതാവ് ളാഹ ഗോപാലന്‍ .

പത്തനംതിട്ട കലക്റ്ററേറ്റില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 38 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതവും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 1227 പേര്‍ക്ക് അമ്പതു സെന്റും ഇതരസമുദായത്തില്‍പ്പെട്ട 230 പേര്‍ക്കു 20 സെന്റുമാണു നല്‍കുന്നത്. ഒന്‍പതു ജില്ലകളില്‍ നിന്നായി 831 ഏക്കര്‍ ഭൂമിയാണു വിതരണത്തിനായി കണ്ടത്തിയത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ പി ജി തോമസിന്റെ അധ്യക്ഷതയിലാണു ചടങ്ങുകള്‍ നടന്നത്.

വിതരണത്തിനായി കണ്ടത്തിയ ഭൂമി ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തിയട്ടെ സ്വീകരിക്കുകയുള്ളുവെന്ന് ളാഹ ഗോപാലന്‍ വ്യക്തമാക്കി. കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലെ ഭൂമി സ്വീകരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം അറിയിച്ചു. സമരക്കാര്‍ നട്ടിരിക്കുന്ന വാഴയുടെ വിളവ് എടുക്കാതെ സമരഭൂമി വിട്ടിറങ്ങില്ല. ചെങ്ങറ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുന്നതു വരെ സമരം തുടരുമെന്നും ളാഹ ഗോപാലന്‍ വ്യക്തമാക്കി.