vsachudanandan-rw-15തിരുവനന്തപുരം: ചെങ്ങറ സമരം ഒത്തു തീര്‍ന്നു. സമര ഭൂമിയിലുള്ള 1432 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സമരം ഒത്തു തീര്‍ന്നത്. സമര ഭൂമിയിലുള്ള പട്ടിവര്‍ഗക്കാര്‍ക്ക ഒരേക്കര്‍, പട്ടിക ജാതിക്കാര്‍ക്ക് 50 സെന്റ്, ബാക്കിയുള്ളവര്‍ക്ക് 25 സെന്റ് എന്നിങ്ങനെയാണ് ഭൂമി നല്‍കുക. ആറ് സെന്റ് ഭൂമിയുള്ളവരെ ഭൂമി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കും. ഭൂമി വിതരണം മൂന്ന് മാസത്തിനകം ഉണ്ടാകും. ഇന്ന് നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം വിശദീകരിച്ചത്. പട്ടിക വര്‍ഗക്കാര്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിന്റെ വീടും മറ്റുള്ളവര്‍ക്ക് 75,000 രൂപയുടെ വീട് വെച്ചു കൊടുക്കാനും തീരുമാനമായി.

ഹാരിസണ്‍ ഉള്‍പ്പടെ തോട്ടം ഉടമകള്‍ അമിതമായി ഭൂമി കൈവശം വെക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ ഭൂമികള്‍ ഇത് അളന്ന് തിട്ടപ്പെടുത്തും. ഇതിനായി സര്‍വ്വെ ടീമിനെ വെക്കും. അധിക ഭൂമി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ചെങ്ങറ സമരം പരിഹരിക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ സഹകരണം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരഭൂമിയില്‍ മരിച്ച 13 പേര്‍ മരിക്ക് സഹായം നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും.