Administrator
Administrator
മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ വെട്ടിക്കൊന്നു
Administrator
Tuesday 22nd March 2011 1:42pm

ചെങ്ങന്നൂര്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴുക്കീര്‍ പ്രാവിന്‍കൂട് ജംഗ്ഷനു സമീപം ഇന്നുരാവിലെയാണ് സംഭവം.

ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ കുറുമ്പക്കാട്ട് അശോക് (50) ആണ് മരിച്ചത്. ഇദ്ദേഹം കോട്ടയം എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ്. മകള്‍ തിരുവല്ല മാക്ക്ഫാസ്റ്റിലെ രണ്ടാംവര്‍ഷ എം.ബി.എ വിദ്യാര്‍ഥി വര്‍ഷ (22)യാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

രാവിലെ മകളെ കോളജിലേക്ക് കൊണ്ട് പോകും വഴിയാണ് സംഭവമുണ്ടായത്. കേസില്‍ പെണ്ണുക്കര സ്വദേശി രാഹുലിനെ (23) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ നടുറോഡില്‍ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. രാവിലെ 6.45 നാണ് സംഭവമുണ്ടായത്.

കഴിഞ്ഞ കുറച്ചുകാലമായി യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും ഇത് കഴിഞ്ഞ ദിവസം പിതാവ് ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതിയുടെ കൈയില്‍ നിന്നും വെട്ടാനുപയോഗിച്ച വടിവാളും മുളകുപൊടിയും മറ്റും നാട്ടുകാര്‍ പിടിച്ചെടുത്ത് പോലീസിനു കൈമാറിയിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായ ചോദ്യം ചെയ്തുവരുന്നു.

Advertisement