ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചു. മേയ് 28നാണ് തെരഞ്ഞെടുപ്പ് നടക്കുക. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം 31ന് വോട്ടെണ്ണല്‍ നടക്കും.

മേയ് പത്തിനാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. മേയ് പതിനാലിനുള്ളില്‍ പത്രിക പിന്‍വലിക്കാം. തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read മിസോറാമില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പിക്ക് ചെയര്‍മാന്‍ സ്ഥാനവും നല്‍കി


യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.

നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന്റെ കൂടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഓ.പി റാവത്ത് എടുത്തിരുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി എല്‍.ഡി.എഫിന്‍െയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെടുന്ന ബി.ജെ.പിക്ക് കൂടുതല്‍ വോട്ടു പിടിക്കാനും ബി.ഡി.ജെ.എസുമായുള്ള പ്രശനങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള സമയത്തിനും വേണ്ടിയാണ് തീയതി നീട്ടുന്നതെന്നായിരുന്നു ഇരു മുന്നണികളും ആരോപിച്ചത്.