ചെങ്ങന്നൂര്‍: ബന്ധുവായ യുവതിയെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന് അമ്മയുടെയും ബന്ധുക്കളുടെയും കണ്‍മുന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ വലതു കൈ വെട്ടി. ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറന്മുള കോട്ട ജംക്ഷനില്‍ സൂര്യ ഹോട്ടല്‍ നടത്തുന്ന കോട്ട കൊച്ചുതുണ്ടിയില്‍ അഭിലാഷിന്റെ (25) കൈയാണ് മുട്ടിനുതാഴെ വെട്ടിയത്. ഓട്ടോയിലുണ്ടായിരുന്ന അഭിലാഷിന്റെ അമ്മ വിജയകുമാരി (കുഞ്ഞമ്മ, 45), പിതൃസഹോദരന്‍ പൊടിയന്‍ (48), പൊടിയന്റെ ഭാര്യ ഉഷ (44), പൊടിയന്റെ സഹോദരന്റെ ഭാര്യ ശാന്തകുമാരി (44) എന്നിവരെയും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പരിക്കേല്‍പ്പിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതിന് ഹോട്ടല്‍ അടച്ചു വീട്ടിലേക്ക് ഓട്ടോ ഓടിച്ചു പോകുമ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ഓട്ടോ തടഞ്ഞ് ആക്രമിക്കുകയായിരുന്നു . പ്രാണരക്ഷാര്‍ഥം ഓടിയ അഭിലാഷിനെ നാല് ബൈക്കില്‍ പിന്തുടര്‍ന്ന സംഘം പിടിച്ചുനിര്‍ത്തി വെട്ടുകയായിരുന്നു. വാഹനത്തിലെ സ്ത്രീകളെയും അക്രമിസംഘം വെറുത വിട്ടില്ല.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയില്‍ അഭിലാഷിന്റെ അറ്റുതൂങ്ങിയ വലതു കൈ തുന്നിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണില്‍ അഭിലാഷിന്റെ കുഞ്ഞമ്മയുടെ മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് ആര്‍ എസ് എസ് പ്രവര്‍ത്തകനായ എലിമുക്ക് പാണംപടിക്കല്‍ മനോജിനെ അഭിലാഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഈ സംഭവമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നു പോലീസ് വ്യക്തമാക്കി. ആര്‍ എസ് എസ് പ്രവര്‍ത്തകരായ എട്ടുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോട്ടയില്‍ വ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്ന കോട്ടയില്‍ പേലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി.