ന്യൂദല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതിയും അവരുടെ മടിയുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുതിര്‍ന്ന നേതാവ് ചെന്‍ ജിന്‍ പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ആ അകല്‍ച്ച വര്‍ധിക്കുകയുമാണ്. ഇതും സി.പി.സി നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ചെന്‍ പറഞ്ഞു. പാര്‍ട്ടിയും ഭരണവും എന്ന വിഷയത്തില്‍ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ദല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു സി.പി.സിയുടെ മുതിര്‍ന്ന നേതാവ്.

പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പണിയെടുക്കാന്‍ മടിക്കുന്നുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ തന്നെ അഴിമതി വ്യാപകവാവുകയാണ്. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താറുമില്ല. പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ആളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന പടിഞ്ഞാറന്‍ ചിന്തകരുടെ അഭിപ്രായത്തെ ചെന്‍ തള്ളിക്കളഞ്ഞു. വിശാലമായ ചര്‍ച്ചകളുടെയും ജനങ്ങളുമായുള്ള ആശയ വിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇത് പ്രധാനമാണെന്ന് ചെന്‍ പറഞ്ഞു.

Subscribe Us:

ചൈനയുടെ സ്ഥിരതക്ക് പിന്നില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. പാര്‍ട്ടിയുടെ വിജയമാണ് ഇപ്പോഴത്തെ ചൈനയുടെ വിജയം. 1949ല്‍ പാര്‍ട്ടി അധികാരം പിടിക്കുമ്പോഴുണ്ടായിരുന്ന വലിയ വെല്ലുവിളി ജനങ്ങളുടെ പട്ടിണി അകറ്റുക എന്നതായിരുന്നു. രാജ്യത്തെ ജനങ്ങളുടെ മാറുന്ന ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ പാകത്തിലാണ് ചൈനയില്‍ സോഷ്യലിസത്തിന് രൂപം നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തിനകം ഇതില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ചെന്‍ വ്യക്തമാക്കി.