ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ കൈവശമുണ്ടായിരുന്ന മാരകമായ രാസായുധങ്ങളുടെ രഹസ്യശേഖരം കണ്ടെത്തിയതായി ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പരിവര്‍ത്തന കൗണ്‍സില്‍ അറിയിച്ചു. കണ്ടെത്തിയ ഈ ആയുധശേഖരം വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് പരിവര്‍ത്തന കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

വന്‍ തോതില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഈ ആയുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയോ കൈമാറുകയോ ചെയ്യാമെന്ന് ഗദ്ദാഫി നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് വാക്കു നല്‍കിയിരുന്നു. എന്നാല്‍, ഈ വാഗ്ദാനം ഗദ്ദാഫി പൂര്‍ണമായും പാലിച്ചില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ തെളിയിക്കുന്നത്.

Subscribe Us:

അതേസമയം, ഗദ്ദാഫിയുടെ കുടുംബം നാറ്റോ സേനക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നാറ്റോ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരേ കോടതിയില്‍ പരാതിനല്‍കുമെന്ന് ഗദ്ദാഫി കുടുംബത്തിന്റെ അഭിഭാഷകന്‍ മാര്‍ഷല്‍ സെക്കാല്‍ദി പറഞ്ഞു.

സിര്‍ത്തില്‍ ഗദ്ദാഫി സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരേ നാറ്റോ പോര്‍വിമാനങ്ങള്‍ കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നും ഇതു ഗദ്ദാഫിയുടെ മരണത്തിന് ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നാറ്റോയ്‌ക്കെതിരേ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കുക.