ട്രിപ്പോളി: ഗദ്ദാഫിയുടെ അധീനതയിലുണ്ടായിരുന്ന പ്രദേശത്തു നിന്നു രാസായുധങ്ങള്‍ കണ്ടെടുത്തതായി വിമതസേന. ആണവ വിരുദ്ധ പരിപാടിയുടെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി 2004ല്‍ ലിബിയ രാസായുധങ്ങള്‍ നശിപ്പിച്ചിരുന്നു. ഇങ്ങനെ നശിപ്പിക്കാതിരുന്നവയാണ് ഇപ്പോള്‍ കണ്ടെടുത്തവയെന്നാണ് റിപ്പോര്‍ട്ട്.

ശക്തികേന്ദ്രമായ ജുഫ്‌റ മരുപ്രദേശത്തു നിന്നാണു 10 ടണ്‍ വരുന്ന രാസായുധശേഖരം പിടിച്ചെടുത്തത്. അതേസമയം ലിബിയന്‍ കേന്ദ്രബാങ്കില്‍ ചെലവഴിക്കാത്ത 2300 കോടി ഡോളര്‍ കണ്ടെടുത്തു. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഈ തുക ചെലവഴിക്കാമെന്നാണു തീരുമാനം. ആറു മാസം വരെ രാജ്യത്തെ ആവശ്യങ്ങള്‍ക്ക് ഈ പണം തികയുമെന്നു ദേശീയ പരിവര്‍ത്തന സമിതി അറിയിച്ചു.

സഹാറ മരുഭൂമിയിലെ ജുഫ്‌റയും സാംബ പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും പിടിച്ചെടുത്തെന്നു വിമത സൈനിക വക്താവ് അവകാശപ്പെട്ടു. വിമാനത്താവളങ്ങളും വിമതസേനയുടെ നിയനന്ത്രണത്തിലാണ്. മറ്റു പ്രദേശങ്ങളില്‍ ഗദ്ദാഫി അനുകൂലികളുടെ ശക്തമായ പ്രതിരോധം തുടരുകയാണ്.