എഡിറ്റര്‍
എഡിറ്റര്‍
ചെമ്പനോട് കര്‍ഷക ആത്മഹത്യ; ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 21st July 2017 12:44pm

കോഴിക്കോട് ചെമ്പനോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറി. അഡിഷണല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ നേരിട്ട് പരിശോേധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടരുന്നു.19നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതില്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ചപറ്റി. എന്നാല്‍ കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉദ്യോഗസ്ഥര്‍ നേരിട്ട് മരണത്തില്‍ ഉത്തരവാദികളല്ല, എന്നാല്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജോയിയുടെ ഭൂമിക്ക് കരമടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതകുറവുണ്ടായി. തഹസീല്‍ദാരുടെ മുന്നിലെത്തിയ പ്രശ്നം പരിഹരിക്കാന്‍ വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്നങ്ങളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫിസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്

നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ വിഷയത്തോട് പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ നടപടിയെടുത്താല്‍ ആത്മഹത്യ ഉണ്ടാകില്ലായിരുന്നു,കുടംബപ്രശ്നം കാരണമായി പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു.


Dont Miss നഴ്‌സിങ് സമരത്തിന്റെ ക്രഡിറ്റ് ഞങ്ങള്‍ക്കുവേണ്ട, അത് എടുക്കേണ്ടവര്‍ എടുത്തോളൂ; അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരോട് ജാസ്മിന്‍ ഷാ


ജോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവിലായിരുന്ന സിലീഷ് പേരാമ്പ്ര സി.ഐക്ക് മുന്നില്‍ കീഴടങ്ങുകയും പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ സണ്ണിയെയും സിലീഷിനെയും റവന്യൂവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പിഎച്ച് കുര്യനെ ചുമതലപ്പെടുത്തിയത്

വില്ലേജ് ഉദ്യോഗസ്ഥര്‍ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഴിഞ്ഞ മാസമാണ് ജോയി വില്ലേജോഫിസന് മുന്നില്‍ ആത്മഹത്യ ചെയ്തത്.

ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.

ആത്മഹത്യ കുറിപ്പില്‍ വില്ലേജ് ഓഫീസറും വിില്ലജ് അസിസ്റ്റന്റുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്ന് പറഞ്ഞിരുന്നു. വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Advertisement