ലണ്ടന്‍: ആവേശം നിറഞ്ഞ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ വിവാദഗോളുകളുടെ സഹായത്തോടെ ചെല്‍സി ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്തു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ സോളമന്‍ കാലുവും ലമ്പാര്‍ഡുമാണ് ചെല്‍സിക്കായി വലകുലുക്കിയത്.

കളിയുടെ ഗതിക്ക് വിപരീതമായി ടോട്ടന്‍ഹാമാണ് ആദ്യ ഗോള്‍ നേടിയത്. പത്തൊമ്പതാം മിനുറ്റില്‍ സാന്‍ഡ്രോയുടെ ഉഗ്രന്‍ ഹാഫ് വോളി ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനെ മറികടന്ന് വലയിലെത്തി. തുടര്‍ന്ന് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ചെല്‍സിക്ക് ഗോള്‍ നേടാനായില്ല.

എന്നാല്‍ രണ്ടാംപകുതിയില്‍ കളി മാറി. 45 ാം മിനുറ്റിലായിരുന്നു ലമ്പാര്‍ഡ് ചെല്‍സിയുടെ സമനില ഗോള്‍ നേടിയത്. ലമ്പാര്‍ഡിന്റെ ഷോട്ട് ഗോളി തടുത്തിട്ടെങ്കിലും ഗോള്‍ലൈന്‍ കടന്നെന്ന് റഫറി വിധിക്കുകയായിരുന്നു. തുടര്‍ന്ന് 89 ാം മിനുറ്റില്‍ സോളമന്‍ കാലു ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.