എഡിറ്റര്‍
എഡിറ്റര്‍
തോല്‍വി: മാനേജര്‍ റോബര്‍ട്ടോ ഡി മാറ്റിയോയെ ചെല്‍സി പുറത്താക്കി
എഡിറ്റര്‍
Wednesday 21st November 2012 2:31pm

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയെ തുടര്‍ന്ന് മാനേജര്‍ റോബര്‍ട്ടൊ ഡി മാറ്റിയോയെ ചെല്‍സി പുറത്താക്കി. ഈ വര്‍ഷം ജൂണിലാണ് ചെല്‍സി ഇറ്റലിക്കാരനായ ഡി മാറ്റിയോയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. ചെല്‍സിയുടെ മുന്‍താരം കൂടിയാണ് ഡി മാറ്റിയോ.

ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസ് ചെല്‍സിയെ തോല്‍പിച്ചത്. ഈ തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മരായ ചെല്‍സി ചാമ്പ്യന്‍സ് ലീഗിന്റെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Ads By Google

ഡി മാറ്റിയോയുടെ പകരക്കാരനെ വൈകാതെ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ക്ലബ് മേധാവി റൊമന്‍ അബ്രമോവിച്ച് ലിവര്‍പൂള്‍ മാനേജര്‍ റാഫേല്‍ ബെനിറ്റസിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ സമീപകാലത്തെ മോശപ്പെട്ട ഫോമില്‍ മാനേജ്‌മെന്റിന് ആശങ്കയുണ്ടെന്നും ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ലീഗിലെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെങ്കില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ടീമിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഡി മാറ്റിയോയില്‍ അബ്രഹ്‌മോവിച്ച് അത്ര തൃപ്തനല്ലെന്നത് പരസ്യമാണ്. ഒരു കളിക്കാരന്‍ എന്ന നിലയിലെ ഡി മാറ്റിയോയുടെ പ്രകടനവും കളിക്കാര്‍ക്കും ക്ലബിന്റെ ആരാധകര്‍ക്കും ഇടയില്‍ ഡി മാറ്റിയോയോടുള്ള താല്‍പര്യവും കണക്കിലെടുത്താണ് അബ്രഹ്‌മോവിച്ച് ഇതുവരെ ഒരു അഴിച്ചുപണിക്ക് തുനിയാതിരുന്നത്.

കഴിഞ്ഞ വര്‍ഷം മാനേജര്‍ ആന്ദ്രെ വില്ലാസ് ബാവോസിനെ പുറത്താക്കിയപ്പോഴാണ് അന്ന് അസിസ്റ്റന്റ് മാനേജരായിരുന്ന ഡി മാറ്റിയോയെ ടീധിന്റെ ഇടക്കാല മാനേജരാക്കിയത്. ഈ വര്‍ഷം ജൂണിലാണ് രണ്ടു വര്‍ഷത്തെ കരാറില്‍ ഡി മാറ്റിയോയെ സ്ഥിരം മാനേജരായി നിയമിച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഇയില്‍ ഇപ്പോള്‍ ഷക്തറിനും യുവന്റസിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് നിലവിലുള്ള ചാമ്പ്യന്മാരയ ചെല്‍സി.

Advertisement