കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസുമായി ബന്ധപ്പെട്ട മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിസ്തരിച്ചു. കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ സി ബി ഐ ചെന്നൈ യൂനിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബാബു ഗൗതമിനെയാണ് വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സി ബി ഐ കോടതി (രണ്ട്) ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ നാലാം സാക്ഷിയാക്കി വിസ്തരിച്ചത്.

താന്‍ കേസന്വേഷിച്ച സമയത്ത് 88 സാക്ഷികളില്‍നിന്ന് മൊഴിയെടുത്തതായും സംശയമുള്ള 22 പേരെ ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി. കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമര്‍ മൗലവി, ചേകന്നൂര്‍ മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കുറച്ചുപേര്‍ മൗലവിയെ മതപഠനക്ലാസിനായി വിളിച്ചുകൊണ്ടുപോയതായി ഭാര്യ മൊഴി നല്‍കിയിരുന്നു.

മൗലവിക്ക് സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കളുടെ മൊഴിയില്‍നിന്ന് മനസ്സിലാക്കാനായിട്ടുണ്ട്. 1993 ജൂലൈ 29 മുതല്‍ മൗലവിയെ കാണാനില്ലെന്ന് കാണിച്ച് ജൂലൈ 31 നാണ് പൊന്നാനി പൊലീസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സി ബി ഐ ഏറ്റെടുത്തത്.

അതിനിടെ, കേസിലെ മറ്റൊരു സാക്ഷിയായ സി ബി ഐ ഉദ്യോഗസ്ഥന്‍ വി കെ സുഭാഷ് ഇന്നലെ കോടതിയില്‍ ഹാജരായെങ്കിലും വിസ്തരിച്ചില്ല. ചുവന്നകുന്നില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടതുള്ളതിനാലാണ് അദ്ദേഹത്തെ വിസ്തരിക്കാതിരുന്നത്. കേസ് ഈമാസം 30 ന് വീണ്ടും പരിഗണിക്കും. സുഭാഷിനെയും അന്ന് വിസ്തരിക്കും. കേസില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയും 30 നേക്ക് മാറ്റി.