Administrator
Administrator
ഇറ്റാലിയന്‍ കപ്പല്‍ പരിശോധന നാളത്തേക്ക് മാറ്റി
Administrator
Friday 24th February 2012 10:05am

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റ്‌റിക ലക്‌സിയില്‍  ഇന്ന് നടത്താനിരുന്ന പരിശോധന നാളത്തേക്ക് മാറ്റി. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ നാളെ എത്തുന്ന സാഹചര്യത്തിലാണ് പരിശോധന മാറ്റിയിത്.

തോക്കുകള്‍ കണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. കപ്പല്‍ പരിശോധനയ്ക്കായി തുറമുഖത്തെത്തിച്ചിട്ടുണ്ട്. ഫോറന്‍സിക് ബാലസ്റ്റിക് വിദഗ്ദരും പോലീസും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

ആയുധങ്ങള്‍ ഇറ്റാലിയന്‍ നാവികസേനയുടേത് ആയതിനാല്‍ തന്നെ ഇറ്റാലിയന്‍ പ്രതിനിധികളുടെ സാനിധ്യത്തിലാണ് പരിശോധന നടത്തുന്നത്. ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി കൊച്ചിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും വിരലടയാളം എടുക്കുകയും ചെയ്തിരുന്നു. കപ്പലില്‍ നിന്നും പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ഇവ പിന്നീട് തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

പിടിച്ചെടുക്കുന്ന ആയുധങ്ങളും മറ്റും കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയില്‍ സൂക്ഷിക്കണമെന്നും ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള സംയുക്ത സംഘം ഇവ പരിശോധിക്കണമെന്നും പരിശോധനകള്‍ കഴിഞ്ഞ് ഇവ മടക്കി നല്‍കണമെന്നും  ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് കസ്‌ററഡിയിലെടുക്കുന്ന ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കണ്ടതെന്നതിനാല്‍ ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.

ഏഴ് ദിവസത്തേക്കുകൂടി പ്രതികളെ പോലീസ് കസ്റ്റഡില്‍ വിട്ടുകൊടുത്തതിനാല്‍ അന്വേഷണത്തിന് പോലീസിന് ആവശ്യത്തിന് സമയം കിട്ടുമെന്നാണ്  അറിയുന്നത്. പ്രതികളെയും കപ്പല്‍ ജോലിക്കാരെയും ചോദ്യം ചെയ്യുന്നത് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കപ്പല്‍ പരിശോധിക്കാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ തുടങ്ങിയതെങ്കിലും വ്യാഴാഴ്ച പരിശോധന നടത്തുന്നതിന് കഴിഞ്ഞില്ല.

കപ്പലിലെ പരിശോധനയ്ക്കായി വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘത്തെ സജ്ജമാക്കിക്കഴിഞ്ഞു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍, കപ്പലിലുള്ള തോക്കില്‍ നിന്നാണ് ഉതിര്‍ത്തതെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വിശദമായ ബാലിസ്‌ററിക് പരിശോധന ഉണ്ടാവും.

Malayalam News

Kerala News In English

Advertisement