തിരുവനന്തപുരം: കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കോഴിക്കോട് എസ്.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചിനുനേരെ പോലീസ് വെടിവെയ്പ്പ് നടത്തിയ സംഭവം ഖേദകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം തനിക്കാണ്. അതിന് വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെ മറ്റാരേയും കുറ്റപ്പെടുത്തേണ്ട. കോഴിക്കോട് വെടിവെയ്പ്പിനെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും പരിക്കേറ്റ പോലീസിനെ രക്ഷിക്കാനായിരുന്നു അസി.കമ്മീഷണര്‍ സംഭവസ്ഥലത്തെത്തിയത്. അവിടെ സാഹചര്യം അങ്ങേയറ്റം രൂക്ഷമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കും. നിര്‍മലിനെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന് നിലപാട് എസ്.എഫ്.ഐ തിരുത്തണം. നിര്‍മല്‍ മാധവ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം സഹിക്ക വയ്യാതെ ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയാണ് നിര്‍മല്‍. നിര്‍മലിന്റെ ആത്മഹത്യക്കുറിപ്പ് തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മല്‍ മാധവ് റാഗിങ്ങിന് ഇരയായിട്ടില്ലെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എ. പ്രദീപ്കുമാര്‍ പറഞ്ഞു. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റാഗിങ്ങ് നടത്തിയിരുന്നെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. നിര്‍മലിന്റെ പ്രവേശത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രിസഭയെ അറിയിച്ചു.