തിരുവനന്തപുരം: തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകനോട് ഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പിള്ളയ്‌ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കും. ശിക്ഷയില്‍ കഴിയവെ പിള്ള ഫോണ്‍ ഉപയോഗിച്ചത് ശിക്ഷ ലഭിക്കാവുന്ന ചട്ടലംഘനം മാത്രമാണ്, നിയമലംഘനമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിള്ളയുടെ ഫോണ്‍വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രിസണ്‍ ആക്ട് പ്രകാരം തടവുപുള്ളികള്‍ക്ക് ടെലിഫോണില്‍ മറ്റുള്ളവരുമായി ബന്ധപ്പെടാം. എന്നാല്‍ ഇതിന് ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങള്‍ പാലിക്കാതെയാണോ പിള്ള ഫോണ്‍ ഉപയോഗിച്ചത് എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

പി.കെ ഗുരുദാസനാണ് പിള്ളയ്‌ക്കെതിരെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിള്ള മാടമ്പി സ്വഭാവത്തോടെയാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹം കെ.ബി ഗണേഷ്‌കുമാറിനെ വിളിച്ചില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെയും അദ്ദേഹം വിളിച്ചിട്ടുണ്ടാവുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേസ് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന അധ്യാപകന്റെ മൊഴിയുള്ള വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തെ പ്രശ്‌നത്തിലാക്കുന്നത്. അധ്യാപകന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. കടയ്ക്കലില്‍ ജോത്സ്യനെ കാണാന്‍ പോയിട്ടില്ലെന്നായിരുന്നു അധ്യാപകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ അധ്യാപകന്‍ തന്നെ വന്നുകണ്ടതായി ജോത്സ്യന്‍ മൊഴി നല്‍കിയിരുന്നു. അധ്യാപകന്‍ കടയ്ക്കലില്‍ പോയിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കടയ്ക്കല്‍ സ്വദേശിയായ ഒരു സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം പുരോമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.