ന്യൂദല്‍ഹി: ഡ്രസിങ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ ഐപിഎല്ലില്‍നിന്ന് പുറത്താക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ ചിയര്‍ലീഡര്‍ ഗബ്രിയേല പാസ്‌ക്വലോട്ടൊ ബോളിവുഡിലേക്ക് ചേക്കേറുന്നു. ബ്ലോഗിലെ വിവാദക്കുറിപ്പിന്റെ പേരില്‍ ഐപിഎല്‍ അധികൃതര്‍ പുറത്താക്കിയ തന്നെത്തേടി ഹിന്ദിസിനിമയില്‍നിന്ന് അവസരങ്ങള്‍ വന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ചിയര്‍ലീഡര്‍മാരോടുള്ള ടീമംഗങ്ങളുടെയും അധികൃതരുടെയും മോശം പെരുമാറ്റവും ഗ്രൗണ്ടിനുപുറത്തെ ചില താരങ്ങളുടെ തനിസ്വഭാവവും തുറന്നെഴുതിയതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത്.

ഇതിനോടകംതന്നെ സെലബ്രിറ്റി പരിവേഷം കൈവന്ന ഇവരുടെ അഭിമുഖത്തിനായി ലോകത്തിലെ മുന്‍നിര മാധ്യമങ്ങളെല്ലാം കാത്തുനില്‍ക്കുകയാണ്. മാത്രവുമല്ല,പ്രഥമ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പീയുടെ ഉദ്ഘാടനച്ചടങ്ങിലേക്കും ഗബ്രിയേലയ്ക്ക് ക്ഷണമുണ്ട്.

ബ്ലോഗെഴുത്തും ട്വീറ്റിങ്ങുമായി മുന്നോട്ടു പോകാനാണ് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും മുംബൈ ഇന്ത്യന്‍സിന്റെ ആരാധികയായി തുടരുന്ന ഗബ്രിയേലയുടെ തീരുമാനം.

താന്‍ എന്തെങ്കിലും വിവാദവെളിപ്പെടുത്തലുകള്‍ നടത്തുമോയെന്ന് ഭയന്ന് ചില കളിക്കാര്‍ ഐപിഎല്‍ ചെയര്‍മാനെ സമീപിച്ചിരിക്കുകയാണെന്നും ഡ്രസിങ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ താന്‍ പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും ഗബ്രിയേല വ്യക്തമാക്കി.