എഡിറ്റര്‍
എഡിറ്റര്‍
കോലാഹലങ്ങളോടെ ‘ചായില്യം’: ആദ്യ പ്രദര്‍ശനത്തിന് വി.എസും
എഡിറ്റര്‍
Friday 31st January 2014 11:27pm

chayilyam-2

ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിനു ശേഷം മലയാളം കാണുന്ന ജനകീയ ചിത്രമെന്ന ബഹുമതിയോടെയാണ് ചായില്യം റിലീസിനു മുമ്പ് അംഗീകരിക്കപ്പെട്ടത്.

രാജ്യാന്തര തലത്തില്‍ തന്നെ ഏറെ പ്രേക്ഷക- വിമര്‍ശക ശ്രദ്ധയും ‘ചായില്യം’ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ കേരളത്തില്‍ ‘ചായില്യം’ റിലീസായത് അല്‍പം ഒച്ചപ്പാടോടു കൂടിയാണ്.

ചിത്രത്തിന് തിയേറ്റര്‍ നല്‍കാന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ തയ്യാറാവാഞ്ഞതാണ് ഈ ഒച്ചപ്പാടുകള്‍ക്കെല്ലാം കാരണം.

ഒടുവില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിയ്ക്കപ്പെട്ടത്.

ആദ്യ പ്രദര്‍ശനത്തിനു തന്നെ നേതാവെത്തുകയും ചെയ്തു. നല്ല സിനിമകള്‍ക്ക് തിയേറ്റര്‍ നിഷേധിക്കുന്നത് കഷ്ടമാണെന്നും സര്‍ക്കാര്‍ ഇടപെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

സിനിമ എല്ലായ്‌പോഴും പണത്തിനു വേണ്ടി മാത്രമുള്ളതല്ലെന്ന് ‘ചായില്യത്തിന്റെ’ സംവിധായകന്‍ മനോജ് കാന പറഞ്ഞു.

ഉത്തര മലബാറിലെ പെണ്‍ തെയ്യങ്ങളെ പശ്ചാത്തലമാക്കിയാണ് ചായില്യം കഥ പറയുന്നത്.

കോഴിക്കോട് കേന്ദ്രമായ നേര് ഫിലിംസ് എന്ന ജനകീയ സിനിമ പ്രസ്ഥാനമാണ് 31ന് ചിത്രം തിയറ്റിലെത്തിക്കുന്നത്.

അനുമോളാണ് ചിത്രത്തിലെ നായിക. വൈധവ്യത്തിന്റെ അപ്രതീക്ഷിത ആഘാതം മാറും മുന്‍പ് കുടുംബത്തിനും സമൂഹത്തിനും ആചാര സംരക്ഷണത്തിനുമായി തെയ്യമായി മാറുന്ന ഗൗരിയുടെ കഥാപാത്രമാണ് അനുമോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Advertisement