ഹവാന: വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി.  റൗളിന്റെ സഹോദരന്‍ ഫിദല്‍ കാസ്‌ട്രോയും ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ ക്യൂറെയും കൂടെയുണ്ടായിരുന്നു.

കാന്‍സര്‍ബാധയെത്തുടര്‍ന്ന് ഹവാനയില്‍ കീമോ തെറാപ്പി ചികില്‍സയ്‌ക്കെത്തിയതായിരുന്നു ഷാവേസ്.

കാന്‍സര്‍ബാധിതനായതിനെത്തുടര്‍ന്ന് ക്യൂബയില്‍ ചികില്‍സയില്‍കഴിയുന്ന പ്രസിഡന്റ് രാജ്യം ഭരിക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കായ ട്വിറ്ററിലൂടെയാണ്. ഒരാഴ്ചക്കിടെ 40 സന്ദേശങ്ങളാണ് അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ദേശീയ സോക്കര്‍ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.

ട്വിറ്റര്‍ അക്കൗണ്ടില്‍ ഭരണകാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെങ്കിലും അസുഖത്തെയോ ചികില്‍സയെയോ സംബന്ധിച്ച ഒരു പ്രതികരണവും അദ്ദേഹം നടത്തിയിട്ടില്ല.