എഡിറ്റര്‍
എഡിറ്റര്‍
ഹ്യൂഗോ ഷാവേസ് വെനസ്വേലയില്‍ തിരിച്ചെത്തി
എഡിറ്റര്‍
Tuesday 19th February 2013 12:30am

കാരക്കസ്:  അര്‍ബുദ ചികിത്സയ്ക്കുശേഷം വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇന്നലെ വെനസ്വേലയില്‍ തിരിച്ചെത്തി. ട്വിറ്ററിലൂടെയാണ് തന്റെ മടങ്ങി വരവ് ഷാവേസ് ജനങ്ങളെ അറിയിച്ചത്.

Ads By Google

ഞാന്‍ എന്റെ രാജ്യമായ വെനസ്വേലയില്‍ തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചുവരവിന് കാരണമായ ദൈവത്തിനും എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കും നന്ദി. ഇനിയുള്ള ചികിത്സ ഇവിടെ തുടരും’ ഷാവേസ് ‘ട്വിറ്ററി’ല്‍ കുറിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴചയാണ് അര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ അദ്ദേഹം എന്ന് വെനസ്വേലയില്‍ എത്തുമെന്ന കാര്യം വ്യക്തമല്ലായിരുന്നു.

ഡിസംബര്‍ 11നാണ് ശസ്ത്രക്രിയ്ക്കായി ഷാവേസ് ക്യൂബയിലേക്ക് പോയത്.  ക്യൂബയില്‍ തനിക്ക് ചികിത്സയൊരുക്കിയ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കും ഫിദല്‍ കാസ്‌ട്രോയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വെനസ്വേലന്‍ സമയം പുലര്‍ച്ച 2.30നാണ് ഷാവേസ് നാട്ടിലെത്തിയതെന്ന് വൈസ് പ്രസിഡന്റ് നിക്കൊളാസ് മധുരോ അറിയിച്ചു. എത്തിയയുടന്‍ അദ്ദേഹത്തെ കാരക്കാസിലെ കാര്‍ലോസ് ആര്‍വെലോ മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലേക്കുള്ള യാത്രയില്‍ മകള്‍ റോസ, സഹോദരന്‍ അഡന്‍, വൈസ് പ്രസിഡന്റ് നിക്കൊളാസ് മധുരോ, ദേശീയ അസംബ്ലി പ്രസിഡന്റ് ഡിയോസ്ഡാഡോ കബെല്ലോ എന്നിവര്‍ ഷാവേസിനൊപ്പമുണ്ടായിരുന്നു.

അതേസമയം വെനസ്വേലയിലെത്തിയ ഷാവേസിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. തൊണ്ടയിലൂടെ ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാവേസ്  ജനവരി 10ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ചികിത്സയിലായിരുന്നതിനാല്‍ അത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

Advertisement