Administrator
Administrator
ഗദ്ദാഫിയെ തള്ളിപ്പറയില്ല: ചാവേസ്
Administrator
Tuesday 1st March 2011 8:52pm

അറബ് രാഷ്ട്രങ്ങളില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയരുകയാണ്. ഈജിപ്തില്‍ ജനകീയ പ്രക്ഷോഭത്തില്‍ മുബാറക് സര്‍ക്കാര്‍ വീണു. ഇപ്പോള്‍ ലിബിയയില്‍ പ്രക്ഷോഭം രൂക്ഷമാണ്. പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി രാജിവെക്കണമെന്നാവശ്യപ്പെട്ട് ലിബിയയില്‍ യുവാക്കള്‍ തെരുവിലാണ്. എന്നാല്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കും ലിബിയന്‍ പ്രസിഡന്റ് ഗദ്ദാഫിയും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മുബാറക് അമേരിക്കന്‍ അനുകൂലിയായിരുന്നു. എന്നാല്‍ ഗദ്ദാഫി അമേരിക്കന്‍ വിരുദ്ധനാണ്. ഈജിപ്തില്‍ കലാപസമയത്ത് മുബാറക്കിനെതിരെ വന്ന വാര്‍ത്തകളെക്കാള്‍ പതിന്‍മടങ്ങാണ് ഗദ്ദാഫിക്കെതിരെ വരുന്ന വാര്‍ത്തകളെന്ന് ശ്രദ്ധിച്ചാല്‍ കാണാന്‍ കഴിയും.

എന്നാല്‍ ഈ വാര്‍ത്തകളൊന്നും തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലെന്ന് ഏറെക്കാലമായി ഗദ്ദാഫിയുടെ സുഹൃത്തായ വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് വ്യക്തമാക്കുന്നു. ചാവേസും അമേരിക്കന്‍ വിരുദ്ധ ഇടതുപക്ഷ ചേരിയിലാണ്. ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അപലപിക്കാന്‍ ഞാന്‍ തയ്യാറല്ലെന്നാണ് ചാവേസ് വ്യക്തമാക്കിയത്. എണ്ണയില്‍ കണ്ണ് വെച്ച് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ അമേരിക്ക അധിനിവേശത്തിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

‘ ഞങ്ങള്‍ ശരിയായ നിലപാടില്‍ തന്നെയാണ്. ഞങ്ങളുടെ രാഷ്ട്രീയ ലൈനിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അധിനിവേശത്തെയും കൂട്ടക്കൊലകളെയും ഞങ്ങള്‍ പിന്തുണക്കുന്നില്ല. ലിബിയയുടെ മേല്‍ പ്രചരിപ്പിക്കപ്പെടുന്ന കളവുകള്‍ക്കനുസരിച്ച് ഞങ്ങള്‍ നിലപാടെടുക്കില്ല’ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിപ്ലോമ സ്വീകരിച്ച ശേഷം ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ചാവേസ്.

‘ ഞാന്‍ അദ്ദേഹത്തെ(ഗദ്ദാഫി)യെ തള്ളിപ്പറയാന്‍ തയ്യാറല്ല. എന്റെ സുഹൃത്തായ ആരാളെ തള്ളിപ്പറയുന്നത് ഭീരുത്വമാണ്’ അദ്ദേഹം പറഞ്ഞു.

‘ഗദ്ദാഫിയെ നീക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ശക്തികളാണ്. ലിബിയയില്‍ ഇതിനകം തന്നെ അധിനിവേശത്തിന് അമേരിക്ക ശ്രമിച്ചതാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ലിബിയയെ തള്ളിപ്പറയുന്നു. അവരെല്ലാവരും എണ്ണയെന്ന ഒറ്റക്കാര്യത്തിന് മേല്‍ കൈകോര്‍ത്ത് പിടിച്ചിരിക്കയാണ്. ഓയില്‍ അവര്‍ക്കെല്ലാം പ്രധാനപ്പെട്ടതാണ്’- ചാവേസ് പറയുന്നു.

മറ്റ് രാജ്യങ്ങളെല്ലാം ലിബിയക്ക് പിന്നാലെ തിരിഞ്ഞതിനെക്കുറിച്ച് ‘ ഞങ്ങള്‍ക്ക് ലഭിക്കാത്ത എന്തെങ്കിലും വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചിരിക്കാം എന്നാണ് ചാവേസ് പറഞ്ഞത്. മറ്റൊരു രാഷ്ട്രത്തിന്റെ നിരോധിത മേഖലകളിലൂടെ വിമാനം പറത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ലിബിയയെ ലക്ഷ്യമാക്കി അമേരിക്ക വ്യോമ നാവിക സേനയെ ഒരുക്കിനിര്‍ത്തിയിരിക്കയാണ്. ഇത് അപലപനീയമാണ്. മെഡിറ്ററേനിയന്‍ കടലില്‍ യു.എസ് സൈന്യം സ്ഥിര സാന്നിധ്യമാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് ഭാഗത്ത് രണ്ട് വിമാനവാഹിനിക്കപ്പലുകളെയും യു.എസ് വിന്യസിച്ചിട്ടുണ്ട്- ചാവേസ് പറയുന്നു.

‘ഈജിപ്തല്ല, ലിബിയ’

ഈജിപ്റ്റില്‍ ഉണ്ടായതുപോലെയുള്ള ജനകീയ വിപ്ലവമല്ല ലിബിയയില്‍ നടക്കുന്നതെന്ന് പ്രമുഖ രാഷ്ട്രീയ വി ബി രാമന്‍. പരസ്പരം പോരടിക്കുന്ന ഗോത്രവര്‍ഗ്ഗമാണ് ഇരുവശത്തും കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

യുവാക്കള്‍ കൂടുതലായി സമരമുഖത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന കാഴ്ച്ചയും ലിബിയയില്‍ കാണാന്‍ സാധിക്കില്ല. മുന്‍ രാഷ്ട്രീയക്കാരും, ബിസിനസുകാരും ഉദ്യോഗസ്ഥന്‍മാരും നേതൃത്വം നല്‍കുന്ന ചെറിയ ഗ്രൂപ്പുകളാണ് ലിബിയയില്‍ പ്രക്ഷോഭരംഗത്തുള്ളത്.

കലാപം അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക പോലീസാണ് ഈജിപ്റ്റില്‍ അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കിയത് ആഭ്യന്തരമന്ത്രാലയത്തിന്റേയും പട്ടാളത്തിന്റേയും നിയന്ത്രണത്തിലാണ് ഈ പോലീസ് വിഭാഗം പ്രവര്‍ത്തിച്ചത്.

എന്നാല്‍ പ്രത്യേക പോലീസോ പട്ടാളമോ പ്രക്ഷോഭകരെ നേരിടാന്‍ ഒരുങ്ങിയില്ലെന്നു മാത്രമല്ല, അവര്‍ക്ക് അനുകൂല നിലപാടുകളാണ് എടുത്തത്. ക്രമസമാധാന പാലനത്തിനായി ഹൊസ്‌നി മുബാറക് രൂപീകരിച്ച സുരക്ഷാവിഭാഗങ്ങളൊന്നും അപകടസമയത്ത് അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയില്ലെന്നും രാമന്‍ പറയുന്നു.

Advertisement