അര്‍ജന്റീന: മാധ്യമ സ്വാതന്ത്യത്തിനുവേണ്ടി പോരാടിയ വെനിസുലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് അര്‍ജന്റീനിയന്‍ ജേണലിസം സ്‌ക്കൂള്‍ ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരം. വാര്‍ത്താവിനിമയ രംഗത്ത് അദ്ദേഹം നല്‍കിയ സ്ത്യുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

യൂണിവേഴ്‌സിറ്റി ഓഫ് ലാ പ്ലാടയുടെ റോഡാള്‍ഫോ വാല്‍ഷ് പുരസ്‌കാരമാണ് ഷാവേസിന് ലഭിച്ചത്. ഷാവേസിന്റെ അര്‍ജന്റീനിയന്‍ പര്യടനത്തിനിടയിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

മാനുഷ്യാവകാശം, സത്യം, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ കാത്തുസൂക്ഷിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിനായി ആത്മാര്‍ത്ഥമായി അദ്ദേഹം പ്രവര്‍ത്തിച്ചു എന്ന് ജ്യൂറി കണ്ടെത്തി. 1999 അധികാരത്തിലെത്തിയശേഷം ടെല്‍സറില്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി അദ്ദേഹം ഫണ്ട് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വലതുപക്ഷ എതിരാളികള്‍ അടക്കിവാണ വാര്‍ത്താ മാധ്യമരംഗങ്ങളെ പ്രതിതുലനം ചെയ്യുന്നതായിരുന്നു ഈ നീക്കം.

നിര്‍ണായകമായ ചില മാധ്യമസംരഭങ്ങള്‍ അടച്ചിട്ട ഷാവേസിന് ഈ അവാര്‍ഡ് നല്‍കിയതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 32ഓളം റേഡിയോ സ്‌റ്റേഷനുകളും, രണ്ട് പ്രാദേശിക ടിവി ചാനലുകള്‍ പൂട്ടാന്‍ ഷാവേസ് നിര്‍ബന്ധിതനായിരുന്നു.