എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡ് നിയമസഭാതിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
എഡിറ്റര്‍
Tuesday 19th November 2013 10:24am

chathisgarh-ele

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ ഛത്തീസ്ഗഡിലെയും മധ്യമേഖലയിലെയും 19 ജില്ലകളിലെ 72 നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 90 മണ്ഡലങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ നിയമസഭാ സ്പീക്കര്‍ ധരംലാല്‍ കൗശിക്, മന്ത്രിസഭയിലെ രണ്ടാമന്‍ ബ്രിജ്‌മോഹന്‍ അഗര്‍വാല്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരും മത്സരിക്കുന്നുണ്ട്.

ഒരു കോടി നാല്‍പ്പത് ലക്ഷം വോട്ടര്‍മാരുള്ള രണ്ടാം ഘട്ടത്തില്‍ ബി.ജെ.പി യില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള  72 സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 75 പേര്‍ സ്ത്രീകളാണ്.

75.53 ശതമാനം വോട്ടെടുപ്പാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നത്.

സമാധാനപരമായ പോളിങിന് ഒരുലക്ഷത്തില്‍പ്പരം സുരക്ഷാ ഭടന്‍മാരെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

Advertisement