എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡില്‍ ബി.ജെ.പി നേതാവിനെതിരെ ലൈഗികാരോപണം
എഡിറ്റര്‍
Sunday 10th November 2013 6:23pm

krishnamurthy1

ബിലാസ്പൂര്‍: ഛത്തീസ്ഗഡ് അസംബ്ലി ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ബി.ജെ.പി നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ കൃഷ്ണമൂര്‍ത്തി ബന്ദിക്കെതിരെ ലൈഗികാരോപണവുമായി സ്ത്രീ രംഗത്ത്.
ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ യുമാണ് ബന്ദി.

പരാതി ഉന്നയിച്ച സ്ത്രീയെ പിന്നീട് കൃഷ്ണമൂര്‍ത്തിയുടെ സഹായിയും മുന്‍ ജഡ്ജിയുമായ ആര്‍.ആര്‍ ഭരദ്വാജിന്റെ വീട്ടുപരിസരത്ത്  ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

ഭരദ്വാജ് ആണ് തന്നെ ആദ്യം മാനഭംഗപ്പെടുത്തിയതെന്നും പിന്നീട് ബന്ദിക്ക് പരിചയപ്പെടുത്തുകയായിരുന്നുവെന്നും  പരാതിക്കാരി പറഞ്ഞു.

ബി.ജെ.പി നേതാവ് കൃഷ്ണമൂര്‍ത്തി തങ്ങളെ നോക്കിക്കോളുമെന്നും ജോലി വാങ്ങിച്ചു നല്‍കുമെന്നും ഭരദ്വാജ് പറഞ്ഞിരുന്നുവെന്നും തന്നെ പീഡിപ്പിച്ച ശേഷം    മറ്റ് പലരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കൃഷ്ണമൂര്‍ത്തി നിര്‍ബന്ധിച്ചിരുന്നുവെന്നും കോട്‌വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി തിരിച്ച് വരവേ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരാതി നല്കി അല്‍പ്പസമയത്തിനകമായിരുന്നു പരാതിക്കാരിയെ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. അതേസമയം പ്രസ്തുത പരാതി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് കൃഷ്ണമൂര്‍ത്തിയുടെ വാദം.

ഇത് തിരഞ്ഞെടുപ്പ് സമയമാണെന്നും തനിക്ക് ആ സ്ത്രീ ആരെന്നോ അവരുടെ ചുറ്റുപാടെന്തെന്നോ അറിയില്ലെന്നും കോണ്‍ഗ്രസ് ആണ് ഇതിനു പിന്നിലെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

യാതൊരു തെളിവുമില്ലാതെ തനിക്കെതിരെ പരാതി ഉയര്‍ത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ പരാതിക്ക് പിന്നാലെ ഭരദ്വാജും സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു.

തങ്ങള്‍ കേസന്വേഷിച്ച് വരികയാണെന്ന് ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് ഹരീഷ് യാദവ് പറഞ്ഞു.

Advertisement