എഡിറ്റര്‍
എഡിറ്റര്‍
തിരയടങ്ങാത്ത രതിയുടെ പപ്പറ്റ് ഷോ
എഡിറ്റര്‍
Saturday 15th September 2012 7:18pm


എസ്സേയ്‌സ്‌/അനീസ് മുഹമ്മദ്


അനീസ് മുഹമ്മദ്മലയാള ചലച്ചിത്ര വേദിയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു ജൂലി എന്ന് പേരുള്ള ചട്ടക്കാരി പെണ്‍കുട്ടിയും അവളുടെ മനോവിചാരങ്ങളും (വ്യഥകളും). അത്രയും കാലം കൈകാര്യം ചെയ്തിരുന്ന പരിചിത കഥാലോകങ്ങളില്‍ നിന്നും വഴിവിട്ടു നടന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു പമ്മന്റെ ‘ചട്ടക്കാരി’യിലൂടെ കെ.എസ്. സേതുമാധവന്‍ നിര്‍മിച്ചെടുത്തത്.

Ads By Google

കാല്‍മുട്ടിനുമുകളില്‍ വരെ മാത്രം നീളമുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അതി സുന്ദരിയായ ജൂലി മലയാളിയുടെ സകലവിധ കാമനകളെയും തിരുത്തി ജ്വലിപ്പിച്ചു. ലക്ഷ്മി എന്ന അഭിനേത്രിയുടെ ആദ്യചിത്രം എന്നതിലുപരി തിളക്കമാര്‍ന്ന സാമ്പത്തിക വിജയം നേടാന്‍ കഴിഞ്ഞ ചട്ടക്കാരി (1974) പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റ് ഇന്ത്യന്‍ ഭാഷകളിലും പുനര്‍ നിര്‍മിക്കപ്പെട്ടു. നീണ്ട 37 വര്‍ഷങ്ങള്‍ക്കു ശേഷം കെ.എസ്. സേതുമാധവന്റെ മകനും സംവിധായകനുമായ സന്തോഷ് സേതുമാധവനിലൂടെ നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ വീണ്ടും ചട്ടക്കാരിയെ മലയാളീകരിച്ച് പ്രേക്ഷകരിലെത്തിച്ചിരിക്കുകയാണ്.

പമ്മന്റെ ലോകത്ത് പൊട്ടിമുളച്ച് അതിഗംഭീരമായി സാക്ഷാത്കരിക്കപ്പെട്ട സിനിമയ്ക്ക് സ്വാഭാവിക സ്വാംശീകരണം സമൂഹത്തില്‍ നിന്ന് ഉണ്ടാവാനുള്ള കാരണം ഏതൊരു ഘടകമെടുത്താലും ആ സിനിമ ഒരു ആവശ്യമായിരുന്നു എന്നുള്ളതാണ്.

നീലത്താമര, രതിനിര്‍വേദം, തുടങ്ങിയ വ്യത്യസ്ത കാലഘട്ടങ്ങളിലെ മലയാളി ഭാവുകത്വത്തെ പ്രതിനിധീകരിച്ച സിനിമകള്‍ എന്ത്  അടിസ്ഥാനത്തിലാണോ പുനര്‍നിര്‍മിക്കപ്പെട്ടത് അതേ ഗൂഢാലോചന തന്നെയാണ് ചട്ടക്കാരിയുടെ പുനഃസൃഷ്ടിയിലും സംഭവിച്ചത്

അതാതുകാലത്തെ പ്രേക്ഷക അഭിരുചി എന്താണെന്ന് മനസ്സിലാക്കി, അല്ലെങ്കില്‍ ഇന്നതായിരിക്കുമെന്ന മുന്‍വിധിയിലൂന്നി സിനിമാ വ്യവസായത്തിനിറങ്ങിത്തിരിച്ച ജി.സുരേഷ് കുമാറിന് സാങ്കേതികമായി വലിയ നഷ്ടങ്ങള്‍ പുതിയ ചട്ടക്കാരി  സമ്മാനിക്കില്ലെങ്കിലും മുന്‍വിധികളെ തിരുത്താനുള്ള ഒരവസരമാക്കി അദ്ദേഹത്തിന് ഈ സിനിമ മാറ്റാനാവുമെന്നുള്ളതില്‍ സംശയമില്ല. നീലത്താമര, രതിനിര്‍വേദം, തുടങ്ങിയ വ്യത്യസ്ത കാലഘട്ടങ്ങളിലെ മലയാളി ഭാവുകത്വത്തെ പ്രതിനിധീകരിച്ച സിനിമകള്‍ എന്ത്  അടിസ്ഥാനത്തിലാണോ പുനര്‍നിര്‍മിക്കപ്പെട്ടത് അതേ ഗൂഢാലോചന തന്നെയാണ് ചട്ടക്കാരിയുടെ പുനഃസൃഷ്ടിയിലും സംഭവിച്ചതെന്ന് ഈ സിനിമ തീയേറ്ററുകളില്‍ എത്തുന്നതിനു മുമ്പുതന്നെ പറയാന്‍ സാധിച്ചു.

തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ പിറന്ന ചട്ടക്കാരിക്ക് വളരെയധികം പ്രസക്തമായ ഒരു കൂട്ടം വിഷയങ്ങളെ പ്രബുദ്ധവും സൗന്ദര്യാത്മകവുമായ സിനിമാ ഭാഷയില്‍ അവതരിപ്പിക്കാന്‍ അക്കാലത്ത് സാധിച്ചിരുന്നു. പമ്മന്റെ ലോകത്ത് പൊട്ടിമുളച്ച് അതിഗംഭീരമായി സാക്ഷാത്കരിക്കപ്പെട്ട സിനിമയ്ക്ക് സ്വാഭാവിക സ്വാംശീകരണം സമൂഹത്തില്‍ നിന്ന് ഉണ്ടാവാനുള്ള കാരണം ഏതൊരു ഘടകമെടുത്താലും ആ സിനിമ ഒരു ആവശ്യമായിരുന്നു എന്നുള്ളതാണ്.

യഥാര്‍ത്ഥത്തില്‍ പമ്മന്റെ ചട്ടക്കാരി എന്ന നോവലിലെ ചില പ്രധാന സംഭവങ്ങളെ തിരുത്തിയാണ് തോപ്പില്‍ ഭാസി അതിനെ ഒരു സിനിമാ തിരക്കഥയാക്കിമാറ്റിയത്. അന്യമതസ്ഥരായ കമിതാക്കള്‍ ഒടുവില്‍ ഒന്നിക്കുന്നതായാണ് സിനിമയിലുള്ളത്. എങ്കില്‍ ‘അവിഹിത’ ഗര്‍ഭം ധരിച്ച് തന്റെ കുഞ്ഞിനെ പ്രസവിച്ച കാമുകിയെ സ്വീകരിക്കാന്‍ പമ്മന്റെ നോവലിലെ നായകന്‍ തയ്യാറാവുന്നില്ല.  അങ്ങനെ ബഷീറിന്റെ പ്രേമലേഖനത്തിലെന്ന പോലെ ഒരു ചലച്ചിത്ര ഭാഷ, പ്രണയത്തിനു മുമ്പില്‍ സാമൂഹ്യബോധത്തിനു മുമ്പില്‍ രാജിയായ ഒരു സിനിമ രചിക്കാന്‍ തോപ്പിലിനും സേതുമാധവനും കഴിഞ്ഞു.

ലിംഗപരമായ കാഴ്ച്ചപ്പാടുകളിലും  ആഭ്യന്തരവും അല്ലാതെയുമുള്ള ഇടപെടലുകളിലും വ്യതിരിക്തമായ രീതികള്‍ പിന്തുടരുന്ന ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിലെ ഒരു പെണ്‍കുട്ടിയാണ് ജൂലി. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങിയ കുടംബത്തിലെ മൂത്ത പെണ്‍കുട്ടി. അവളുടെ സ്വാഭാവികമായ എല്ലാ ഇടപെടലുകളുടെയും സൗന്ദര്യത്തെ കാറ്റില്‍ പറത്തി അവളിലേയ്ക്ക് നീളുന്ന അല്ലെങ്കില്‍ അവള്‍ക്ക് ചുറ്റും നിര്‍ജീവമായി ആടുന്ന ഒരു പാവകളി (puppet show) ആയി മാറി സേതുമാധവന്റെ പുതിയ ചട്ടക്കാരി.

ഊട്ടിയിലെ കോടനിറഞ്ഞ പകലുകളില്‍ കുഞ്ഞുടുപ്പ് ധരിപ്പിച്ച് ജൂലിയെ (ഷംന കാസിം) ക്യാമറയ്ക്ക് മുമ്പില്‍ എത്തിക്കുന്നതോടെ സംവിധായകന്റെയും നിര്‍മാതാവിന്റെയും ലക്ഷ്യം പകല്‍ പോലെ വ്യക്തമാവുന്നു. എഴുപതുകളുടെ മധ്യത്തില്‍ സേതുമാധവനും തോപ്പില്‍ ഭാസിക്കും ഒരു സിനിമയെ സാമ്പത്തികമായി വിജയിപ്പിക്കാന്‍ നായികയുടെ നഗ്നമായ കാലുകളെയും മാറിടത്തിനെയും മാത്രമായി വില്‍പനയ്ക്ക് വെയ്‌ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അസ്ഥാനങ്ങളില്‍ ക്യാമറയുടെ ഫോക്കസ് അവിടങ്ങളില്‍ മാത്രം ഉറപ്പിക്കുമ്പോള്‍ പുതിയ ചട്ടക്കാരിയുടെ പ്രേക്ഷകര്‍ക്ക് അത് പരിഹാസത്തിനുള്ള വകമാത്രമാണ് നല്‍കുന്നത്.

രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ ഇടകലരുമ്പോള്‍ സാമൂഹ്യമായ പ്രത്യയശാസ്ത്രങ്ങള്‍ കൂടിയാണ് ഇടകലര്‍ത്തപ്പെടുന്നത്. അറിഞ്ഞോ അല്ലാതെയോ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ തന്നെയാണ് അതിന്റെ പ്രസക്തി. ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന ആംഗ്ലോ ഇന്ത്യന്‍ സമൂഹമായാലും ഇസ്രായേലിലേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന ജൂത സമുദായമാണെങ്കിലും അവരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട ചില തദ്ദേശീയമായ അംശങ്ങള്‍ ശേഷിപ്പുകളായി അങ്ങനെ നിലനില്‍ക്കപ്പെടുക തന്നെചെയ്യും. പരസ്പരം അതിനെതിരെയുള്ള പിടിവാശികളെയും തടയിടലുകളെയും തുറന്നുകാട്ടുന്ന മനോഹരമായ ഒരു ആഖ്യാനമാണ് പമ്മന്‍ തന്റെ നോവലിലൂടെ നടത്തിയിട്ടുള്ളത്.

തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും പഴയ കൃതിയിലെ അല്ലെങ്കില്‍ പഴയ സിനിമയിലെ ഈയൊരു പ്രമേയം തന്നെയാണ് എന്നാണ് സന്തോഷ് സേതുമാധവന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പുതിയ അണിയറ പ്രവര്‍ത്തകരുടെ പക്കല്‍ നിന്ന് അത്തരമൊരു നീക്കം ഉണ്ടായതായി പറയുക വയ്യ.

എഴുപതുകളുടെ മധ്യത്തില്‍ സേതുമാധവനും തോപ്പില്‍ ഭാസിക്കും ഒരു സിനിമയെ സാമ്പത്തികമായി വിജയിപ്പിക്കാന്‍ നായികയുടെ നഗ്നമായ കാലുകളെയും മാറിടത്തിനെയും മാത്രമായി വില്‍പനയ്ക്ക് വെയ്‌ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അസ്ഥാനങ്ങളില്‍ ക്യാമറയുടെ ഫോക്കസ് അവിടങ്ങളില്‍ മാത്രം ഉറപ്പിക്കുമ്പോള്‍ പുതിയ ചട്ടക്കാരിയുടെ പ്രേക്ഷകര്‍ക്ക് അത് പരിഹാസത്തിനുള്ള വകമാത്രമാണ് നല്‍കുന്നത്.

വേറിട്ടെടുത്ത് പരിശോധിച്ചാല്‍ ഈ പുതിയ സിനിമയിലെ  അഭിനേതാക്കളുടെ  മികവ് ശരാശരിക്ക് തൊട്ട് മുകളില്‍ നില്‍ക്കുന്നതാണ്. പ്രത്യേകിച്ച് ഇതിലെ പുരുഷ കഥാപാത്രങ്ങളായി വേഷമിട്ടവര്‍. പക്ഷേ ആകെത്തുകയായി വിലയിരുത്തുമ്പോള്‍ ആ പ്രകടനങ്ങളൊക്കെത്തന്നെ അപൂര്‍ണ്ണങ്ങളായിത്തീരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടേണ്ടത് സിനിമയുടെ സംയോജകന്‍ ബി. അജിത് കുമാര്‍ തന്നെയാണെന്ന് ഓരോ ആവര്‍ത്തിയും ബോധ്യമാവുന്നു.

പഴയ ചട്ടക്കരിയില്‍ ജൂലിയുടെ അമ്മ മാഗ്ഗി മദാമയായി വേഷമിട്ട സുകുമാരിക്ക് വ്യത്യസ്തമായ മറ്റൊരു വേഷമാണ് പുതിയ സിനിമയില്‍ ലഭിച്ചിരിക്കുന്നത്. ചെറുപ്പക്കരിയും സൗന്ദര്യത്തിന് മങ്ങലേല്‍ക്കാത്തവളുമായ മാഗ്ഗി മദാമയില്‍ നിന്നു മാറി മാഗ്ഗിയെ നേരിടുന്ന അവരുടെ വൃദ്ധയായ ആന്റിയായാണ് സുകുമാരി രംഗത്ത് വരുന്നത്.  രണ്ട് കഥാപാത്രങ്ങളും വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍. കാലം അവര്‍ക്കായി മാറ്റിവെച്ച ഈ ആകസ്മികതയെ പൂര്‍ണ്ണതയില്‍ എത്തിച്ചപ്പോള്‍ സുകുമാരിയെന്ന അഭിനയ പ്രതിഭയ്ക്ക് മുമ്പില്‍ നമിക്കേണ്ടി വരുന്നു ഇത്തവണയും പ്രക്ഷകര്‍.

പഴയ കാലത്തെ കലാനിര്‍മാണത്തെയും ആസ്വാദനത്തെയും ദന്തഗോപുരത്തില്‍ പ്രതിഷ്ഠിച്ച് നമുക്ക് കൈ കഴുകാമെങ്കിലും, അതിനൊക്കെ പകരം ഇന്നുള്ള അനുകൂല സാധ്യതകളെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായ രീതിയിലല്ല. ഭരതന്റെ ‘നിദ്ര’ അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഇതേ രീതിയില്‍ പുനര്‍ നിര്‍മിച്ചപ്പോള്‍ കാലികമായ പ്രതിബദ്ധതയോടെ ആദ്യ പതിപ്പിനോട് കാണിച്ച നീതി മികച്ച ഉദാഹരണമാണ്.

പ്രസവത്തിനു ശേഷം സ്വന്തം കുഞ്ഞിനെ മുലയൂട്ടാനാവാതെ സദാചാരങ്ങള്‍ക്ക് വിധേയമായി അകലെ ഒറ്റപ്പെടുന്ന ജൂലി, വേദനയോടെ നിറഞ്ഞ് തുളുമ്പുന്ന മാറിടവും അമര്‍ത്തിപ്പിടിച്ച് ആരോടും പങ്കുവെയ്ക്കാനാവാത്ത ദുഖഭാരത്താല്‍ കരയുന്ന ദൃശ്യം ഒന്നുമാത്രമാണ് സന്തോഷ് സേതുമാധവന്റെ ചട്ടക്കാരിയുടെ ഹൈലൈറ്റ്.

പുനര്‍ നിര്‍മിക്കുമ്പോള്‍ ഇതിനു കാണിച്ച ചങ്കൂറ്റം മുഴുവനായും ആശ്യപ്പെട്ട ഒരു നല്ല ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ചട്ടക്കാരി എന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നതിനോടൊപ്പം തിരയൊടുങ്ങാത്ത മനുഷ്യന്റെ മാനസിക ശാരീരിക കല്‍പനകളെ തിരിച്ചറിഞ്ഞ് പ്രേക്ഷകന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

Advertisement