എഡിറ്റര്‍
എഡിറ്റര്‍
വിലക്ക് നീങ്ങി; ‘ചട്ടക്കാരി’ ഉടന്‍
എഡിറ്റര്‍
Friday 22nd June 2012 2:25pm

കൊച്ചി: ഷംന കാസിം നായികയാവുന്ന ചട്ടക്കാരിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തിയ്യേറ്റര്‍ ഉടമകള്‍ പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

തിയ്യേറ്ററുകളില്‍ നിന്ന് മൂന്ന് രൂപാ ക്ഷേമനിധി വിഹിതമായി പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ക്ഷേമനിധി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനായ ജി. സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. ക്ഷേമനിധി വിഹിതം പിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാമെന്ന ധാരണയെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ചലച്ചിത്രസംഘടനകളുടെയും ഭാരവാഹികള്‍ പങ്കെടുത്തു. ക്ഷേമനിധി പിരിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു.  ചട്ടക്കാരിയുടെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രജപുത്ര ഫിലിംസ് രഞ്ജിത് തുടങ്ങി കുറച്ചുപേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അവശകലാകാരന്‍മാരെ സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനാണ് തിയ്യറ്ററുകളില്‍ നിന്ന് ടിക്കറ്റില്‍ നിന്ന് മൂന്നുരൂപ വീതം ക്ഷേമനിധി വിഹിതം പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1977 ല്‍ പമ്മന്‍ രചിച്ച കഥ സേതുമാധവന്‍ ചട്ടക്കാരിയെന്ന സിനിമയാക്കുകയായിരുന്നു. തോപ്പില്‍ ഭാസിയായിരുന്നു ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. 2012 സിനിമ വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് സംവിധായകനാകുന്നത്.

ലക്ഷ്മി ചെയ്ത ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ നായികയെ പുതിയ ചട്ടക്കാരിയില്‍ അവതരിപ്പിക്കുന്നത് ഷംനാ കാസിമാണ്. മോഹനായി എത്തുന്നത് യുവ നായകനായ ഹേമന്ദും. പഴയ ചിത്രത്തിലെ അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ് പുതിയ ചട്ടക്കാരിയില്‍ അഭിനയിക്കുന്നത്. ഇന്നസെന്റും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഞ്ചിന്‍ ഡ്രൈവറായ മോറീസിന്റെ (ഇന്നസെന്റ്) മകളാണ് ജൂലി. ജൂലിയുടെ കൂട്ടുകാരിയായ ഉഷയുടെ സഹോദരനാണ് മോഹന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Advertisement