എഡിറ്റര്‍
എഡിറ്റര്‍
ആന്ധ്രാ പ്രദേശില്‍ മജ്‌ലിസെ ഇത്തിഹദുല്‍ മുസ്‌ലിമിനെ അനുനയിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതം
എഡിറ്റര്‍
Wednesday 14th November 2012 12:00am

ഹൈദരാബാദ്: യു.പി.എ സര്‍ക്കാറിനും ആന്ധ്രാ പ്രദേശിലെ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനുമുള്ള പിന്തുണ പിന്‍വലിച്ച മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിനെ(എം.ഐ.എം) അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Ads By Google

എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുമായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പിന്തുണ പിന്‍വലിക്കുന്ന തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് എം.ഐ.എം. മുഖ്യമന്ത്രിയുടെയും സംസ്ഥാന കോണ്ഗ്രസിന്റെയും വര്‍ഗീയ പ്രീണന നയം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഉവൈസി പ്രതികരിച്ചു.

മുസ്‌ലിം വിരുദ്ധ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കോണ്‍ഗ്രസുമായുള്ള സഖ്യം ഒഴിവാക്കുന്നതായി എം.ഐ.എം അറിയിച്ചത്.

ജഗ് മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതോടെ പ്രതിസന്ധിയിലായ കിരണ്‍ റെഡ്ഡി സര്‍ക്കാറിന് മറ്റൊരു ആഘാതമാണ് എം.ഐ.എമ്മിന്റെ പിന്മാറ്റം. പുതിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

സര്‍ക്കാരുമായി നേരത്തേ ഉടക്കി നിന്നിരുന്ന എം.ഐ.എം ചാര്‍മിനാര്‍ പ്രശ്‌നത്തോടെയാണ് സര്‍ക്കാരുമായി കൂടുതല്‍ അകലുന്നത്. ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും കോടതിയുടേയും നിര്‍ദേശം ലംഘിച്ച് ചാര്‍മിനാറിനോട് ചേര്‍ന്ന് താത്കാലിക ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എം.ഐ.എം രംഗത്ത് വന്നിരുന്നു.

പ്രദേശത്ത് മാര്‍ച്ച് നടത്തിയതിന് ്അഞ്ച് എം.ഐ.എം നിയമസഭാ അംഗങ്ങളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത പോലീസ് സന്നാഹമാണ് ഉള്ളത്.

എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമില്ലന്നും തെറ്റായ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നുമാണ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഖുന്‍ സബര്‍വാള്‍ പറയുന്നത്.

നാനൂറ് വര്‍ഷം പഴക്കമുള്ള ചാര്‍മിനാറിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. എങ്കിലും പുനരുദ്ധാരണത്തിന് വിധേയമാക്കിയ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടുന്നുണ്ട്.

ചാര്‍മിനാര്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട നിലപാട് പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും നിയമപരമായി പ്രവര്‍ത്തിക്കുകയ മാത്രമാണ് ചെയ്തതെന്നും സത്യ നാരായണ പറഞ്ഞു.

ആര്‍ക്കും ആരോടും ശത്രുതയില്ലെന്നും എം.ഐ.എം അവരുടെ കാഴ്ച്ചപ്പാട് മാത്രമാണ് അവതരിപ്പിച്ചതെന്നും ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement