എഡിറ്റര്‍
എഡിറ്റര്‍
താലിബാന്റെ ആയുധ ഏജന്റായിരുന്നെന്ന് ചാള്‍സ് ശോഭ്‌രാജിന്റെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Monday 24th March 2014 6:15am

sobharaj

ന്യൂദല്‍ഹി: താലിബാന്റെ ആയുധ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നെന്ന് കുപ്രസിദ്ധ കുറ്റവാളി ചാള്‍സ്ശോഭ്‌രാജിന്റെ വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ വെച്ച്  ജെയ്ഷ് ഇ. മുഹമ്മദ് മേധാവി മസൂദ് അസറുമായി ചേര്‍ന്ന് താലിബാനുവേണ്ടി ആയുധക്കച്ചവടം നടത്തിയെന്നും അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നുമാണ് ശോഭ്‌രാജ് വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് മാസിക ജി.ക്യുവിനുവേണ്ടി കാഠ്മണ്ഡു ജയിലില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

താലിബാന് ആയുധം വാങ്ങാന്‍ മയക്കുമരുന്നു വില്‍ക്കണമായിരുന്നു. തന്റെ ബന്ധങ്ങളുപയോഗിച്ച് ഇതിനു സാഹചര്യം ഒരുക്കി കൊടുത്തു. ഇതിന് ശേഷം താലിബാന് വേണ്ടി ആയുധക്കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന് നേരേ നടന്ന ആക്രമണത്തിന്റെ ആസൂത്രകന്‍ അസര്‍ ആയിരുന്നു. തട്ടിയെടുക്കപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍ വിമാനം വിട്ടുകിട്ടാന്‍ പിന്നീട് അസറിനെയും മറ്റു രണ്ടു ഭീകരവാദികളെയും ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടിവന്നു. മോചനത്തിനു പിന്നാലെ അസര്‍ ജെയ്ഷ് ഇ. മുഹമ്മദ് എന്ന തീവ്രവാദി സംഘടന രൂപീകരിച്ചു. ചൈനക്കാരായ കുറ്റവാളികളുമായി ബന്ധപ്പെട്ടാണ് താലിബാന് വേണ്ടി ഹെറോയിന്‍ കച്ചവടം നടത്തിയത്. താലിബാന് വേണ്ടി നേപ്പാളില്‍ പ്രതിനിധിയാകാനും വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ആ സമയം അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു-ശോഭ്‌രാജ് പറയുന്നു.

തീവ്രവാദ വിരുദ്ധ യുദ്ധത്തിനായി തന്റെ ജീവന്‍ തന്നെ പണയപ്പെടുത്തിയെന്നും എന്നാല്‍ അറസ്റ്റിലായപ്പോള്‍ സി.ഐ.എ തന്നെ സഹായിച്ചില്ലെന്നും ശോഭ്‌രാജ് വ്യക്തമാക്കി. ഇറാഖ് യുദ്ധം തുടങ്ങും മുന്‍പ് സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന റെഡ് മെര്‍ക്കുറിയ്ക്കായി തന്നെ സമീപിച്ചിരുന്നെന്നും ശോഭ്‌രാജ് പറയുന്നു.

നേരത്തെ തിഹാര്‍ ജയിലില്‍ കഴിയവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്നടങ്ങിയ മധുരപലഹാരം നല്‍കി ജയില്‍ ചാടിയത് വലിയ വിവാദമായിരുന്നു. 70 വയസ്സുള്ളശോഭ്‌രാജ് 2003 മുതല്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ജയിലിലാണ്. 1975ല്‍ അമേരിക്കക്കാരിയായ കോണീ ജോ ബ്രോന്‍സിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് കാഠ്മണ്ഡു ജയിലില്‍ അടച്ചത്. 1970കളില്‍ ശോഭ്‌രാജ് 15നും 20നുമിടയില്‍ പേരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.

Advertisement