ന്യൂദല്‍ഹി: മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എ.
കുറ്റപത്രം സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം.

58 പേജുകളിലായി സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പം 150 പേരുടെ സാക്ഷിമൊഴികളും 79 രേഖകളും ലാപ്‌ടോപും ലഘുലേഖകളുമടക്കം 604 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്.

2016 ജൂലൈ മുതല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സാകിര്‍ നായിക്കിനെതിരെ എന്‍.ഐ.എ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. സാകിര്‍ നായിക്കിന്റെ മുംബൈയിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും പീസ് ടിവി നിരോധിക്കുകയും ചെയ്തിരുന്നു.


Read more:  ‘യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ഐ.എസ്’;ചോദ്യം ചെയ്യലിനിടെ കണ്ണൂരില്‍ പിടിയിലായ ബിരിയാണി ഹംസ പൊലീസിനോട്


ധാക്കയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ സാക്കിര്‍നായിക്കില്‍ നിന്നാണ് പ്രചോദനമുള്‍ക്കൊണ്ടതെന്ന് ബംഗ്ലാദേശ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ അദ്ദേഹത്തിനെതിരെ നടപടി ആരംഭിച്ചത്.

ഇതിനിടെ സാകിര്‍നായിക്ക് സൗദി പൗരത്വം നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സമയം തനിക്കെതിരായ ആരോപണങ്ങളെ സാകിര്‍നായിക്ക് നിഷേധിച്ചിരുന്നു.