ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ രജപുത്ര റാണിപത്മിനിയെക്കുറിച്ചുള്ള കഥ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പ്രഖ്യാപനം നടത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി സംസ്ഥാനത്തെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

നിരോധനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തിനകത്ത് സിനിമ നിരോധിച്ചതിന് രജപുത്ര സമുദായം മുഖ്യമന്ത്രിയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പേഴാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വളച്ചൊടിച്ച ചരിത്രമാണ് ചിലര്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതിനാലാണ് പാഠപുസതകത്തില്‍ പത്മിനിയുടെ കഥ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും ചൗഹാന്‍ പറഞ്ഞു.


Read more:  നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടിരൂപയ്ക്ക്


‘മഹാറാണി പത്മാവതിയുടെ ജീവചരിത്രത്തെക്കുറിച്ച് കൃത്യമായ ബോധം ജനങ്ങള്‍ക്കില്ല. വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ പത്മാവതി എന്ന മഹത് വ്യക്തിത്വത്തെ കുറിച്ച് അവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ട്.’ ശിവരാജ് സിങ് ചൗഹാന്‍ ചടങ്ങില്‍ പറഞ്ഞു. പത്മാവതിയെ രാഷ്ട്ര മാതാവാണെന്നും ഭോപ്പാലില്‍ പത്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നുമാണ് മുന്‍പ് ചൗഹാന്‍ പ്രസ്താവന നടത്തിയിരുന്നു. പോരാത്തതിന് സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പത്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നേരത്തെ ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ നടുക്കം രേഖപ്പെടുത്തിയ താരം ദീപികയുടെ തല സംരക്ഷിക്കണമെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു.