ബാംഗ്ലൂര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പേസ് ബൗളര്‍ സഹീര്‍ഖാന്‍. ചാപ്പല്‍ ഇന്ത്യന്‍ കോച്ചായിരുന്നപ്പോഴാണ് തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് സഹീര്‍ ഇക്കാര്യം പറഞ്ഞത്.

ചാപ്പലിന്റെ കാലത്ത് എന്നെ ടീമിന് ആവശ്യമില്ലെന്ന തോന്നലാണ് എനിക്കുണ്ടായത്. മോശമായി കളിക്കാഞ്ഞിട്ടും അന്നത്തെ ശ്രീലങ്കന്‍ പരമ്പര കഴിഞ്ഞയുടനെ ടീമില്‍ നിന്ന് എന്നെ ഒഴിവാക്കി. ഇതോടെ എന്റെ തോന്നല്‍ ശരിയാണെന്ന് വന്നുവെന്നും സഹീര്‍ പറഞ്ഞു.

2005- 2007 കാലത്താണ് ചാപ്പല്‍ ഇന്ത്യന്‍ ടീം കോച്ചായിരുന്നത്. 2007 ലോകക്കപ്പില്‍ ടീം ആദ്യറൗണ്ടില്‍ പുറത്തായതോടെ ബി.സി.സി.ഐ ചാപ്പലിന്റെ സേവനം അവസാനിപ്പിച്ചു.

അതേസമയം ഗാരി കിര്‍സ്റ്റന്‍ വളരെ നല്ല കോച്ച് ആണെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. കിര്‍സ്റ്റന്‍ കോച്ചായിരുന്നില്ല മറിച്ച് ഒരു സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന് ഇന്ത്യന്‍ സംസ്‌കാരവും കാര്യങ്ങള്‍ നടക്കുന്ന രീതിയും എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു. അദേഹത്തിന്റെ സാന്നിധ്യം ടീമില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയത് സഹീര്‍ പറഞ്ഞു.